പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി നിലവിൽ വെൻ്റിലേറ്ററിൽ ആണ്. അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. ബന്ധുക്കളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ഒരു ഡോസ് ഇഞ്ചക്ഷൻ കൂടി നൽകി ആരോഗ്യനില പരിശോധിച്ചശേഷമായിരിക്കും ആശുപത്രി മാറ്റം നടക്കുക. ഇവരുടെ സമ്പർക്ക പട്ടികയിൽ 91 പേരാണ് ഉള്ളത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവർ നിരീക്ഷണത്തിലാണ്. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിലും കർശന സുരക്ഷ തുടരുകയാണ്. കണ്ടൈൻമെന്റ് സോണായ ഇവിടെ പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്. നിപാരോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഒരാൾക്ക് നേരിയ പനിയുടെ ലക്ഷണം ഉണ്ടെന്നാണ് കണ്ടെത്തൽ ഇവരെ ആശുപത്രിയിൽ നിരീക്ഷിച്ചുവരികയാണ്.