Headlines

‘കുംഭമേളയിൽ എത്രപേർ മരിച്ചു, IPL അപകടം ഉണ്ടായിട്ട് ആരും രാജിവെച്ചില്ല, പിന്നെന്തിന് വീണാ ജോർജ് രാജിവെക്കണം’: കെ. പി. ഉദയഭാനു

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും വിമർശിച്ചവരെ പരി​ഹസിച്ചും സിപിഐഎം പത്തനംതിട്ട സംസ്ഥാന കമ്മിറ്റി. ആരോഗ്യ മേഖലയിൽ മണ്ഡലം തിരിച്ചുള്ള വികസനങ്ങൾ നിരത്തി പാർട്ടി രംഗത്തെത്തി.

ഐപിഎൽ അപകടം ഉണ്ടായിട്ട് കർണാടകയിൽ ആരും രാജിവെച്ചില്ല. കുംഭമേളയിൽ എത്ര പേർ മരിച്ചു എന്നറിയില്ല. വിമാന ദുരന്തം ഉണ്ടായിട്ട് ആര് രാജിവെച്ചു. പിന്നെന്തിന് വീണാ ജോർജ് രാജിവെക്കണമെന്നും സിപിഐഎം പത്തനംതിട്ട സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഉദയഭാനു ചോദിച്ചു.

ആരോഗ്യ മന്ത്രി നടപ്പിലാക്കിയ നേട്ടങ്ങൾ എണ്ണിപറഞ്ഞ് ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി. പ്രതിപക്ഷത്തിന് വീണാ ജോർജിനോട് അസൂയയാണ്. ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങൾ മറയ്ക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ സമരാഭാസമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റേത് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള പ്രഹസനങ്ങൾ.

ഈ രീതിയിൽ പ്രതിഷേധം തുടർന്നാൽ സർക്കാർ സംരക്ഷണമൊരുക്കുന്നതിനൊപ്പം പാർട്ടിയും മന്ത്രിയ്ക്ക് സംരക്ഷണമൊരുക്കേണ്ടിവരും. ആരോഗ്യ മന്ത്രിയ്ക്കെതിരായ വ്യാജ പ്രചരണത്തിനെതിരെ സിപിഐഎം വിശദീകരണ യോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 10 ന് പത്തനംതിട്ട ടൗൺ സ്ക്വയറിലാണ് വിശദീകരണ യോഗം.