തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിന് മുന്നില്‍ മറ്റൊരു പ്രതിസന്ധി. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ് ഭാഗത്ത് പോലീസ് സിസിടിവി ക്യാമറകളില്ല. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ക്യാമറകള്‍ പരിശോധിക്കാനായിരുന്നു കസ്റ്റംസിന്റെ തീരുമാനം. പേട്ട, ചാക്ക ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിക്കും
എയര്‍ കാര്‍ഗോ അസോസിയേഷന്‍ നേതാവ് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് ഇയാള്‍ക്ക് നല്‍കിയ നിര്‍ദേശം. സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയത് ഇയാളായിരുന്നു. ഇന്നലെ ഇയാളുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയും ചെയ്തു
കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണമടങ്ങിയ ബാഗ് ലഭിക്കാന്‍ വൈകുന്നത് എന്താണെന്ന് കോണ്‍സുലേറ്റ് അറ്റാഷെ ആവശ്യപ്പെട്ടതിനുസരിച്ച് മാത്രമാണ് താന്‍ കസ്റ്റംസിനെ വിളിച്ചതെന്ന് ഇവര്‍ പറയുന്നു.