വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയുടെ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടു

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയുടെ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടു.യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണ് കള്ളക്കടത്തിന് പിന്നിൽ. നിലവിൽ ഇവർ ഐ ടി വകുപ്പിന് കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറൽ ഓപറേഷൻസ് മാനേജരാണ്.

തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിൽ പോയി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കേസിൽ യുഎഇ കോൺസുലേറ്റ് മുൻ പി ആർ ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോൺസുലേറ്റ് പി ആർ ഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് സരിത് തട്ടിപ്പാനായി ഉപയോഗിച്ചിരുന്നു.

സരിത്തിനെയും സ്വപ്നയെയും കൂടാതെ മറ്റ് പ്രതികളുടെ വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്ത് എത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ നിന്നാണ് സ്വർണം പിടികൂടിയത്.