ചരിത്ര വിജയത്തിന് ശേഷം സഞ്ജു സാംസണ്‍ കേരളത്തിലെത്തി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സഞ്ജുവിനെ മന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തി സ്വീകരിച്ചു.പറയാന്‍ വാക്കുകളില്ലെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. (Sanju Samson is back in Thiruvananthapuram)വിഷമത്തിലാണ് ഇവിടെ നിന്ന് പോയതെന്നും ഇത്രയും വലിയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സഞ്ജു പറഞ്ഞു. പറയാന്‍ വാക്കുകളില്ല. ഇപ്പോള്‍ മാത്രമല്ല, എന്നെ ടീമില്‍ എടുക്കാത്തപ്പോഴും ടീമിലുള്ളപ്പോള്‍, പെര്‍ഫോം ചെയ്യാത്തപ്പോഴും എല്ലാം കൂടെ നിന്നിട്ടുണ്ട്. തിരിച്ചടികളുണ്ടായപ്പോള്‍ ആണല്ലോ നാട്ടുകാര്‍ എപ്പോഴും കൂടെ നിന്നിട്ടുള്ളത്. ആ ഒരു സമയത്ത് നമ്മളെ പിന്തുണച്ച ആളുകള്‍ക്ക് തിരിച്ചൊരു സന്തോഷം കൊടുക്കണമെന്ന ഉത്തരവാദിത്തം എന്റെ മനസില്‍ എപ്പോഴുമുണ്ടായിരുന്നു. ഈ ഒരു പ്രകടനം നാട്ടിലുള്ള എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. മനസ് നിറഞ്ഞിരിക്കുന്ന സമയമാണ്. ഇത്രയും ആളുകളുടെ പിന്തുണയും പ്രാര്‍ഥനകളും എല്ലാം ഉള്‍ക്കൊള്ളുന്ന വീഡിയോകളും മെസേജുകളും റീലുകളുമെല്ലാം വീട്ടില്‍ ഭാര്യ കാണിച്ചു തരുന്നുണ്ടായിരുന്നു. അത് കാണുമ്പോള്‍ കണ്ണ് നിറഞ്ഞ് പോകുന്നുണ്ട്. ആ സ്‌നേഹം അര്‍ഹിക്കുന്നുണ്ടോ എന്ന് പോലും അറിയില്ല. സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും എനിക്കായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു – അദ്ദേഹം പറഞ്ഞു.സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉപദേശം കിട്ടിയതിനെ കുറിച്ചും സഞ്ജു പ്രതികരിച്ചു. പറയാന്‍ പറ്റാത്ത ഫീലിംഗ് ആയിരുന്നു. കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ തമ്മില്‍ ടച്ചിലുണ്ടായിരുന്നു. ഐപിഎല്ലില്‍ കാണുമ്പോഴൊക്കെ സംസാരിക്കാറുണ്ടായിരുന്നു. മനസൊന്ന് പാളിപ്പോയപ്പോള്‍, വിളിച്ചത് സാറിനെയാണ്. 25 മിനിറ്റ് ഫോണില്‍ കൂടി സംസാരിച്ചു. സാറിന്റെ കരിയറില്‍ നടന്ന ചില കാര്യങ്ങള്‍ എന്നോട് ഷെയര്‍ ചെയ്തു. ഈ സമയത്ത് എന്തൊക്കെ ചിന്തിക്കണം, എങ്ങനെ പ്രാക്ടീസ് ചെയ്യണം, സാഹചര്യത്തെ എങ്ങനെ കാണണം എന്നൊക്കെ പറഞ്ഞു തന്നു. അത് ഏറെ സഹായകമായി. ന്യൂസിലന്‍ഡ് സീരിസിലും ഫോം ഔട്ടായപ്പോള്‍ വിളിച്ച് ഉപദേശങ്ങള്‍ തന്നിരുന്നു. വേള്‍ഡ് കപ്പ് ഫൈനലിന്റെ തലേദിവസം ഇങ്ങോട്ട് വിളിച്ച് എല്ലാം ഓക്കെ അല്ലേ എന്ന് വിളിച്ച് ചോദിക്കുകയുണ്ടായി. എല്ലാവര്‍ക്കും കിട്ടുന്നൊരു ഭാഗ്യമല്ല. എനിക്ക് കിട്ടിയതില്‍ സന്തോഷം. കളി കഴിഞ്ഞതിന് ശേഷവും അഭിനന്ദിച്ച് മെസേജ് അയച്ചിരുന്നു – അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടപ്പോഴാണ് എല്ലാ ബോളും അടിച്ചുകളിക്കുന്ന ശൈലി ഒഴിവാക്കിയതെന്നും സഞ്ജു പറഞ്ഞു. വീഴ്ചകളില്‍ നിന്ന് പഠിക്കണമല്ലോ. അതുകൊണ്ട് വേറെ ഗെയിം പ്ലാനോടെ വേള്‍ഡ് കപ്പിന് പ്രിപ്പയര്‍ ചെയ്തിരുന്നു – അദ്ദേഹം പറഞ്ഞു.
ഹൈപ്പ് നിങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നതല്ലേ എന്നും താന്‍ സാമൂഹ്യമാധ്യമങ്ങള്‍ നോക്കാനോ ശ്രദ്ധിക്കാനോ പോയിട്ടില്ലെന്നും സഞ്ജു പറഞ്ഞു. സോഷ്യല്‍ മീഡിയ വളരെ പിന്തുണയ്ക്കുന്ന ഘടകമായി എനിക്ക് തോന്നിയിട്ടുണ്ട്. പോസിറ്റീവായും നെഗറ്റീവായും ചെയ്യാം. നമ്മള്‍ ഏത് രീതിയിലാണ് അതിനെ ടാക്കിള്‍ ചെയ്യുന്നതെന്ന് ഇപ്പോഴത്തെ ചെറുപ്പക്കാരും പഠിച്ചിരിക്കേണ്ടതാണ്. സോഷ്യല്‍ മീഡിയ കാണുന്നത് കൊണ്ടാണ് നാട്ടുകാര്‍ എന്നെ എത്ര സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായത്. അതേപോലെ അതിന്റെ ഓപ്പോസിറ്റ് ഉണ്ടാകുമ്പോള്‍ സഹിക്കാനുള്ള മനസുണ്ടെങ്കില്‍ മാത്രം സോഷ്യല്‍ മീഡിയ ഓപ്പണാക്കി വെക്കുക. കഴിഞ്ഞ ഒരു മാസമായിട്ട് ഫോണ്‍ ഓഫാണ്. സോഷ്യല്‍ മീഡിയ എന്റെ ടീമാണ് മാനേജ് ചെയ്യുന്നത്. ഔട്ട്‌സൈഡ് നോയ്‌സ് ഒക്കെ കട്ട് ചെയ്ത് ക്രിക്കറ്റില്‍ ഫോക്കസ് ചെയ്തു – അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം അച്ഛനുമമ്മയ്ക്കുമൊപ്പം ചെലവഴിക്കണമെന്നാണ് ആഗ്രഹമെന്ന് ഡല്‍ഹിയില്‍ വിജയാഘോഷമുണ്ടെങ്കില്‍ പങ്കെടുക്കാന്‍ മടങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.






