നിലയുറപ്പിച്ച് അടിച്ച് തകര്‍ക്കുക, തന്റെ ഗെയിം പ്ലാന്‍ വ്യക്തമാക്കി സഞ്ജു സാംസണ്‍

ഷാര്‍ജ: ഐപിഎല്ലിലെ സിഎസ്‌കെ-രാജസ്ഥാന്‍ മത്സരത്തില്‍ ശ്രദ്ധേയമായത് സഞ്ജു സാംസണിന്റെ ബാറ്റിങ്ങായിരുന്നു. ക്രീസിലെത്തിയ ശേഷം തുടക്കം മുതല്‍ ആഞ്ഞടിച്ച് കളിച്ച സഞ്ജുവാണ് രാജസ്ഥാന്റെ വിജയ ശില്‍പ്പി. ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ തന്റെ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള മികവിനെ നന്നായി പ്രയോജനപ്പെടുത്തിയ സഞ്ജു തന്റെ കരിയറിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. സ്പിന്നര്‍മാരെ കടന്നാക്രമിച്ച സഞ്ജു 32 പന്തില്‍ 1 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് അടിച്ചെടുത്തത്.

 

231.25 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ സഞ്ജു കളിയിലെ താരമാവുകയും ചെയ്തു. മത്സര ശേഷം തന്റെ ഗെയിം പ്ലാനെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജു. നിലയുറപ്പിച്ച ശേഷം വമ്പനടികള്‍ പുറത്തെടുക്കുകയാണ് തന്റെ പദ്ധതിയെന്നാണ് സഞ്ജു പറഞ്ഞത്. ‘നിലയുറപ്പിച്ച ശേഷം വമ്പനടി പുറത്തെടുക്കുകയാണ് എന്റെ ഗെയിം പ്ലാന്‍. ഏത് അവസ്ഥയിലും ഞാന്‍ ശ്രമിക്കുന്നത് അതിനാണ്. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ചിന്ത നിലനിര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. എന്റെ ഫിറ്റ്‌നസിനായി ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്തു.

 

ഭക്ഷണം ക്രമീകരിക്കുകയും പരിശീലനം നടത്തുകയും ചെയ്തു. കാരണം വലിയ ഷോട്ടുകള്‍ കളിക്കേണ്ടത് എന്റെ റോളില്‍ അനിവാര്യമാണ്. ഈ കാലഘട്ടത്തില്‍ വലിയ ഷോട്ടുകളാണ് ക്രിക്കറ്റ് ആവിശ്യപ്പെടുന്നത്. അതിനായി ഇക്കഴിഞ്ഞ അഞ്ച് മാസവും ഞാന്‍ പരിശ്രമിച്ചു. പവര്‍ഹിറ്റ് ചെയ്യാനുള്ള കഴിവ് മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരും വിക്കറ്റുകള്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ എങ്ങനെ കളിക്കണമെന്നത് പരിശീലകനാണ് തീരുമാനിക്കുന്നത്.

ആരാധകരുടെ മുഖത്ത് ചിരി നല്‍കാനായതില്‍ സന്തോഷമുണ്ട്. ഇത് തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’-സഞ്ജു പറഞ്ഞു. 16 റണ്‍സിനാണ് സിഎസ്‌കെയെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണ് സഞ്ജുവിന്റേത്. ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറിയുള്‍പ്പെടെ മികച്ച പ്രകടനം അവകാശപ്പെടാന്‍ സഞ്ജുവിന് സാധിക്കും. എം എസ് ധോണി വിരമിച്ചതിനാല്‍ത്തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റോളിലേക്ക് റിഷഭ് പന്തിന് വലിയ വെല്ലുവിളിയാണ് സഞ്ജു ഉയര്‍ത്തുന്നത്.

ക്ലാസും മാസും ചേര്‍ന്ന തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുക്കാന്‍ സഞ്ജു മികച്ചവനാണെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. ഇന്ത്യയുടെ അവസാന ന്യൂസീലന്‍ഡ് പര്യടനത്തില്‍ സഞ്ജുവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഒരു മത്സരത്തിലും തിളങ്ങാനായില്ല. ഇന്ത്യക്കുവേണ്ടി നാല് ടി20 മത്സരം കളിച്ചിട്ടുള്ള സഞ്ജു 35 റണ്‍സാണ് ആകെ നേടിയത്. അടുത്ത വര്‍ഷം രണ്ട് ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ യുവതാരങ്ങളെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎല്‍ വളരെ നിര്‍ണ്ണായകമാണ്.