മാഞ്ചസ്റ്റര്‍: ടി20 പരമ്പര കൈവിട്ടതിന് ഏകദിന പരമ്പര നേടി ഇംഗ്ലണ്ടിനോട് പകരം വീട്ടി ഓസ്‌ട്രേലിയ. മൂന്നാം മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ രണ്ട് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി കംഗാരുക്കള്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മധ്യനിരയിലെ ഗ്ലെന്‍ മാക്‌സ് വെല്‍ (108), അലക്‌സ് ക്യാരി (106) സെഞ്ച്വറി പ്രകടനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. മൂന്ന് പന്തില്‍ പുറത്താകാതെ 11 റണ്‍സുമായി വാലറ്റത്ത് നിര്‍ണ്ണായക പ്രകടനം നടത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ഓസീസ് ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 73 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയയെ മാക്‌സ്‌വെല്ലും ക്യാരിയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. മാക്‌സ്‌വെല്ലാണ് കളിയിലെയും പരമ്പരയിലെയും താരം.
ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തുടക്കം തന്നെ ഇംഗ്ലണ്ട് ഞെട്ടി ഓപ്പണര്‍ ജേസണ്‍ റോയി, ജോ റൂട്ട് എന്നിവരെ പൂജ്യത്തിന് പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഞെട്ടിച്ചു. എന്നാല്‍ ഒരുവശത്ത് പിടിച്ചുനിന്ന ജോണി ബെയര്‍സ്‌റ്റോ (112) സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന് അടിത്തറപാകി. 126 പന്തുകള്‍ നേരിട്ട് 12 ഫോറും രണ്ട് സിക്‌സുമാണ് ബെയര്‍സ്‌റ്റോ നേടിയത്. ടോപ് ഓഡറില്‍ നായകന്‍ ഇയാന്‍ മോര്‍ഗനും (23),ജോസ് ബട്‌ലറും നിരാശപ്പെടുത്തി.
വന്‍ തകര്‍ച്ചയെ ഇംഗ്ലണ്ട് മുന്നില്‍ക്കണ്ടെങ്കിലും മധ്യനിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ സാം ബില്ലിങ്‌സും (57),ക്രിസ് വോക്‌സും (53*) ചേര്‍ന്ന് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 39 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെയാണ് വോക്‌സിന്റെ അര്‍ധ സെഞ്ച്വറി,അതേ സമയം 58 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമാണ് ബില്ലിങ്‌സ് നേടിയത്. ടോം കറാന്‍ (19),ആദില്‍ റഷീദ് (11*) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് സ്‌കോറര്‍മാര്‍.
ഓസ്‌ട്രേലിയക്കുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാംബയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഓസീസിന്റെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞു. ഡേവിഡ് വാര്‍ണര്‍ (24),ആരോണ്‍ ഫിഞ്ച് (12),മാര്‍ക്കസ് സ്റ്റോയിനിസ് (4),ലാബുഷാനെ (20),മിച്ചല്‍ മാര്‍ഷ് (2) എന്നിവരെല്ലാം മികച്ച സ്‌കോര്‍ നേടാതെ മടങ്ങിയതോടെ ഓസ്‌ട്രേലിയ വന്‍ പരാജയത്തെ മുന്നില്‍ക്കണ്ടു.
എന്നാല്‍ അവസരോചിത സെഞ്ച്വറികളുമായി ആറാം വിക്കറ്റില്‍ ഒത്തുകൂടിയ മാക്‌സ്‌വെല്ലും അലക്‌സ് ക്യാരിയും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു. 212 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഓസീസ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. മാക്‌സ് വെല്‍ 90 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും പറത്തിയപ്പോള്‍ 114 പന്തില്‍ 7 ഫോറും 2 സിക്‌സും ക്യാരിയും നേടി. ഇംഗ്ലണ്ടിനുവേണ്ടി ക്രിസ് വോക്‌സ്,ജോ റൂട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.