തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. 7 മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വൈറസിന് വ്യാപന ശേഷി കൂടുതലാണെന്ന ഗവേഷണ ഫലം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയുടെ വിമർശനം.
കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. സംസ്ഥാത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നതെന്നും കെ കെ ശൈലജ ഓർമ്മിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നതെന്നും ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 
                         
                         
                         
                         
                         
                        