ഹോമിയോ മരുന്ന് കഴിച്ചവർക്ക് കോവിഡ് പ്രതിരോധമെന്ന തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ.
അശാസ്ത്രീയമായത് ചെയ്യാൻ പ്രേരിപ്പിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഹോമിയോയിൽ കൊവിഡിന് മരുന്നുണ്ടെന്നോ പ്രതിരോധിക്കുമെന്നോ താൻ പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഹോമിയോ വിഭാഗത്തിൻറെ പഠനം ശരിയോ തെറ്റോ എന്നു പറയാൻ താൻ ആളല്ല.
എന്നാൽ പരീക്ഷിച്ച് തെളിയിച്ച് കഴിഞ്ഞാൽ മാത്രമേ മരുന്നുകൾ ഫലപ്രദം എന്നു പറയാൻ കഴിയു. കൊവിഡ് ചികിത്സയ്ക്ക് ആശ്രയിച്ചത് അലോപ്പതി മേഖലയെ തന്നെയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് 19 ന് ഹോമിയോയിൽ പ്രതിരോധ മരുന്ന് ഉണ്ടെന്നും അത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഞാൻ പറഞ്ഞു എന്നുമുള്ള സൂചനയാണ് ചിലരുടെ പ്രതികരണത്തിൽ നിന്ന് മനസിലാവുന്നത്.
എന്നാൽ യഥാർത്ഥത്തിൽ ഹോമിയോ മെഡിക്കൽ കോളെജിന്റെ ഉദ്ഘാടന സമയത്ത് ഹോമിയോ അടക്കം എല്ലാ മേഖലകളും യോജിച്ചാണ് പ്രതിരോധിക്കുന്നത് എന്നാണ് പറഞ്ഞത്.
ഡോ.ബിജുവിൻറെ പഠനത്തെ അധികരിച്ച് കൊണ്ട് ആരോഗ്യ മന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്‍താവനയ്ക്ക് എതിരെ ഐഎംഎ രൂക്ഷ വിമർശം നടത്തിയിരുന്നു. മന്ത്രി അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവർത്തകരെ അവഹേളിക്കരുതെന്നും ആയിരുന്നു ഐഎംഎ ആവശ്യപ്പെട്ടത്.