കൽപറ്റ: വയനാട് ജില്ലയിലെ കാരാപ്പുഴ അണക്കെട്ടിലും ഫിഷറീസ് വകുപ്പിന്റെ കൂടു മത്സ്യകൃഷി പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആരംഭിച്ച കൂട് മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യോല്‍പാദനത്തില്‍ സമുദ്ര മേഖലയെ മാത്രം ആശ്രയിക്കുന്ന രീതി മാറി ഉള്‍നാടന്‍ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ധാരാളം അണക്കെട്ടുകളും തടാകങ്ങളും മറ്റ് ജലസ്രോതസ്സുകളും ഉണ്ടെങ്കിലും ഇവിടങ്ങളില്‍ ഫലപ്രദമായ മത്സ്യകൃഷിയില്ല. ജലം കൊണ്ട് സമ്പന്നമായ നാം ജലകൃഷിയുടെ കാര്യത്തില്‍ പിന്നിലാണ്. ശുദ്ധജലത്തില്‍ ശാസ്ത്രീയമായ രീതിയില്‍ മത്സ്യകൃഷി നടത്തിയാലേ നമുക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ. അണക്കെട്ടുകള്‍ വിവിധ വകുപ്പുകളുടെ കൈവശമായതിനാല്‍ എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാനാകുക. ഇക്കാര്യത്തില്‍ വൈദ്യുതി വകുപ്പ് ഉള്‍പ്പെടെ മികച്ച സഹകരണം നല്‍കുന്നതായി മന്ത്രി പറഞ്ഞു. ജില്ലയിലെ 90 ആദിവാസികള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാവുകയും അതുവഴി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന മികച്ച പദ്ധതിയാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ കൂട് മത്സ്യകൃഷി.