അപകടകരമായി നില്‍ക്കുന്ന തണല്‍മരങ്ങള്‍ മുറിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: മൂത്തകുന്നം ഷാപ്പുപടി ബസ് സ്റ്റോപ്പില്‍ നിന്ന് പുഴയിലേക്ക് പോകുന്ന റോഡരികില്‍ അടിവശം കേടായി അപകടകരമായി നില്‍ക്കുന്ന തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. പൊതുമരാമത്ത് റോഡ് വിഭാഗം കമ്മീഷനില്‍ വിശദീകരണം സമര്‍പ്പിച്ചിരുന്നു. പരാതിക്കാരനായ നോര്‍ത്ത് പറവൂര്‍ സ്വദേശി എം കെ ജോയിയുടെ വീട്ടിലേക്ക് രണ്ട് മരങ്ങള്‍ അപകടകരമായി ചാഞ്ഞു നില്‍ക്കുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.

മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ അഞ്ചു തവണ നടത്തിയെങ്കിലും മരങ്ങള്‍ ലേലത്തില്‍ പിടിക്കാന്‍ ആരും തയ്യാറായില്ല. മരങ്ങളുടെ ശിഖരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് പല തവണ വെട്ടിമാറ്റിയിട്ടുള്ളതായി റിപോര്‍ട്ടില്‍ പറയുന്നു. മരങ്ങള്‍ പെട്ടി മാറ്റാനുള്ള എസ്റ്റിമേറ്റിന് അനുമതി ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മരങ്ങള്‍ അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് സമ്മതിച്ച സാഹചര്യത്തില്‍ മരങ്ങള്‍ വെട്ടിമാറ്റണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.