കെഎസ്ആർടിസി ബോൺഡ് പദ്ധതി; ജില്ലയിൽ 19 മുതൽ ജില്ലയിൽ സുൽത്താൻ ബത്തേരി ഡിപ്പോയിലാണ് പദ്ധതി നടപ്പാക്കുന്നത്

സുൽത്താൻ ബത്തേരി: പൊതുഗതാഗത സംവിധാനത്തിൽ നിന്നും അകന്ന സ്ഥിരം യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി ആരംഭിച്ച ബോൺഡ് പദ്ധതി ജില്ലയിൽ ഈ മാസം 19 മുതൽ ആരംഭിക്കും. ജില്ലയിൽ സുൽത്താൻ ബത്തേരി ഡിപ്പോയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബോൺഡ് ടിക്കറ്റ് വിതരണോദ്ഘാടനം കെഎസ്ആർടിസി വടക്കൻമേഖല എക്‌സിക്യൂട്ടീവ് ഡയറക്ടർ സി. വി രാജേന്ദ്രൻ യാത്രക്കാരിക്ക് നൽകികൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ എടിഒ കെ. ജയകുമാർ, ജനറൽകൺട്രോളിംഗ് ഇൻസ്‌പെക്ടർ ഹരിരാജൻ, സ്റ്റേഷൻ മാസ്റ്റർ എൻ രാജൻ, പി. കെ ബാബു, ഡി ഇ ബിജു തുടങ്ങിയവർ സംബന്ധിച്ചു.
സർക്കാർ ഉദ്യോഗസ്ഥരെയും, സ്വകാര്യമേഖലയിലും മറ്റും സ്ഥിരം ജോലിക്കാരെയും ലക്ഷ്യവെച്ചാണ് ബസ് ഓൺ ഡിമാന്റ്( ബോൺഡ്) പദ്ധതി കെ.എസ്.ആർ.ടി.സി നടപ്പാക്കുന്നത്. മുൻകൂർ പണമടച്ച യാത്രക്കാർക്ക് ബോൺഡ് സീസൺ ടിക്കറ്റുകൾ നൽകി യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോൺഡ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നെയ്യാറ്റിൻകാര, നെടുമങ്ങാട് എന്നീ ഡിപ്പോകളിലാണ് ബോൺഡ് പദ്ധതി ജൂലൈ മാസം ആദ്യം മുതൽ നടപ്പിലാക്കിയത്. നിലവിൽ പാലക്കാട് ഡിപ്പോയിലും പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
കൊവിഡ് 19 പശ്ചാതലത്തിൽ യാത്രക്കാരുടെ എണ്ണം ക്രമീതീതമായി കുറയുന്നതും, എല്ലാവരും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കുന്നതും പൊതുമേഖല യാത്രാസംവിധാനത്തിന് തിരിച്ചടിയായിട്ടുണ്ട്. അതിനാൽ തന്നെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സർ്ക്കാർ ജീവനക്കാർക്കും, സ്വകാര്യമേഖലയിലെയും മറ്റും സ്ഥിരമായി ജോലിക്കുപോകുന്നവരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ് ഓൺ ഡിമാന്റ് എന്ന പദ്ധതി കെഎസ് ആർടിസി ആരംഭിച്ചിരിക്കുന്നത്. മുൻകൂട്ടി പണമടച്ച് ഡിപ്പോയിൽ നിന്നും വാങ്ങുന്ന ബോൺഡ് സീസൺ ടി്ക്കറ്റുകൾ വഴി യാത്ര ഉറപ്പുനൽകുകയാണ് ചെയ്യുന്നത്.

പത്ത് ദിവസം മുതൽ 30 ദിവസം വരെ കാലവധിയുള്ള ബോൺഡുകൾ അഞ്ച്, പത്ത്, പതിനഞ്ച്, ഇരുപത്, ഇരുപത്തഞ്ച് എന്നീ ദിവസങ്ങൾ കണക്കാക്കിയാണ് നൽകുന്നത്. ഇതുവഴി യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി കെഎസ്ആർടിസി ഉറപ്പുനൽകുന്നുണ്ട്. കൂടാതെ യാത്രക്കാരുടെ ഇരുചക്രവാനങ്ങൾ ബസ് സ്റ്റേഷനുകളിൽ സൂക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബോൺ്ഡ് ടിക്കറ്റുകൾ വാങ്ങുന്നവർ രാവിലെ എവിടെനിന്നു കയറുന്നുവോ അവിടതന്നെ വൈകിട്ട് തിരിച്ചിറക്കുകയും ചെയ്യും. ഒരേ ഓഫീസിലെ പത്തിൽ കൂടുൽ ജീവനക്കാരുണ്ടങ്കിൽ അവരെയെല്ലാം ഒരു ബസ്സിൽ കൊണ്ടുപോകുന്നതിനുള്ള അവസരവും ബോണ്ട് പദ്ധതി വഴിയുണ്ട്. ബോൺഡ് കൈപ്പറ്റിയവർക്ക് മാത്രമായിരിക്കും ഇത്തരം ബസ്സുകളിൽ യാത്ര. ഇതിലെ യാത്രക്കാർക്ക് സീറ്റുകളും അധികൃതർ ഉറപ്പ് നൽകുന്നുണ്ട്. യാത്രക്കാർക്ക് സൗജന്യമായി ദിനപത്രവും സാനിറ്റൈസർ എന്നിവയും വൈഫൈകണക്ഷനും ലഭ്യമാക്കും. ഇതിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് കെഎസ്ആർടിസി സുൽത്താൻ ബത്തേരി ഡിപ്പോ അധികൃതർ. ബോൺഡ് ബസ്സുകളിൽ യാത്രചെയ്യുന്നവർക്ക് നിലവിലെ ഇൻഷൂറൻസിന് പുറമെ പത്ത് ലക്ഷം രൂപയുടെ അപകട സമൂഹ ഇൻഷൂറൻസും ലഭ്യമാക്കും. ഈ മാസം 19ന്് സുൽത്താൻ ബത്തേരി – കൽപ്പറ്റ റൂട്ടിലാണ് ബോൺഡ് പദ്ധതി പ്രകാരം ബസ് സർവ്വീസ് തുടങ്ങുന്നത്. നിലവിൽ ഇതുവരെ ഈ റൂട്ടിൽ 30 യാത്രക്കാർ ബോൺഡ്് ബുക്ക് ചെയ്തി്ടുണ്ട്. രണ്ടാം ഘ്ട്ടത്തിൽ ചുള്ളിയോട്- അമ്പലയവയൽ- കൽപ്പറ്റ റൂട്ടിലും ബസ് സർവ്വീസ് നടത്തുമെന്നും ഈ റൂട്ടിലും 30 പേർ ബോൺഡ് പദ്ധതിയിൽ ബുക്ക് ചെയ്തതായും അധികൃതർ വ്യക്തമാക്കു. തുടർന്ന് ബത്തേരി -പുൽപ്പള്ളി, ബത്തേരി -മാനന്തവാടി എന്നീ റൂട്ടുകളിലാണ് ബോൺഡ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ 09495682648, 09447518598, 09947076702 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഡിപ്പോ അധികൃതർ വ്യക്തമാക്കി.