Headlines

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടത്തിൽ മരണം 4 ആയി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദാണ് മരിച്ചത്. നട്ടെല്ലിനും, തലക്കും ഗുരുതര പരിക്കേറ്റിരുന്നു.
കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന ജബ്ബാര്‍, ബഷീര്‍, അഷ്റഫ്, വിനോദ് എന്നീ തൊഴിലാളികളാണ് കോണ്‍ക്രീറ്റ് പാളികള്‍ ശരീരത്തില്‍ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ 11.30 ഓടെയാണ് കോഴിക്കോട് വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്ളാബുകള്‍ തകര്‍ന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ പതിച്ചത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു.

ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്ളാബുകളും പതിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയില്‍ പെട്ട മൂന്ന് പേരെ ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് പുറത്തെടുത്തത്.

അപകടാവസ്ഥയിലുളള കെട്ടിടങ്ങളുളള പട്ടികയിലുളള ഈ കെട്ടിടത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കോര്‍പറേഷന്‍ അധികാരികളാണ് അപകടത്തിന് പ്രധാന ഉത്തരവാദികള്‍ എന്ന് യുഡിഎഫും എന്‍ഡിഎയും ആരോപിച്ചു.