വാഷിങ്ടൻ ∙ ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്നു പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതിൽനിന്നു പിന്മാറിയത് സൗദി അറേബ്യയുടെ ഇടപെടൽ മൂലമെന്നു വിവരം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി നടത്തിയ ചർച്ചയെ തുടർന്നാണ് യുഎസ് സൈനികനീക്കത്തിൽനിന്നു പിന്മാറിയത് എന്നാണു സൂചന.ട്രംപിനെ ഫോണിൽ വിളിച്ച മുഹമ്മദ് ബിൻ സൽമാൻ, പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹത്തോടു സംസാരിച്ചെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംഘർഷം കനക്കുന്നത് ഒഴിവാക്കാനും മേഖലയിലെ സുരക്ഷയും സമാധാനവും നിലനിർത്താനും നയതന്ത്ര പരിഹാരങ്ങൾ ആവശ്യമാണെന്നും ലോകത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിൽ സംഘർഷം വ്യാപകമാകാതിരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. അതിനെ തുടർന്നാണ് ട്രംപ് സൈനികനടപടിയിൽനിന്നു പിന്മാറിയതെന്നാണ് വിവരം.ഇറാനെതിരെ കടുത്ത സൈനിക നീക്കത്തിനു യുഎസ് തയാറെടുത്തെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ അതിനു ശേഷം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ, ഇറാനെ ആക്രമിക്കില്ലെന്നു ട്രംപ് അറിയിക്കുകയായിരുന്നു. ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും അഭ്യർഥിച്ചതിനാലാണ് ഇതെന്നും ഒരു കരാറിന്റെ അടിസ്ഥാന രൂപരേഖ ഇറാൻ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായി തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളോടു കൂടിയതാണ് കരാർ. ഇത് എത്രയും വേഗം സമ്മതിക്കണം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ആക്രമണത്തിൽനിന്നു പിന്മാറിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ പറഞ്ഞിരുന്നു.









