ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി പങ്കെടുപ്പിച്ചെന്ന പരാതിയിലാണ് നടപടി. പൊലീസ് നടപടി തടയാൻ പ്രായപൂർത്തിയാകാത്തവരെ തന്ത്രപരമായി ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ എൻഎച്ച്ആർസി റിപ്പോർട്ട് തേടി.
അതേസമയം, വോട്ടർ പട്ടികയിലെ ക്രമക്കേടുകളും കൃത്രിമത്വവും ആരോപിച്ചാണ് മുംബൈയിലെ ശിവാജി പാർക്കിലും ആസാദ് പാർക്കിലും സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇലക്ഷൻ കമ്മീഷന്റെ നടപടികൾക്കെതിരെ ശക്തമായ രോഷമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. സമരം സമാധാനപരമായി സംഘടിപ്പിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി ദാദർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഗ്യാനേഷ് കുമാർ രാജിവെക്കാത്ത പക്ഷം പ്രക്ഷോഭം കൂടുതൽ തീവ്രമാക്കാനാണ് സംഘടനയുടെ തീരുമാനം.
മുംബൈയിൽ ആരംഭിച്ച ഈ സമരം വരും ദിവസങ്ങളിൽ രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. കൊൽക്കത്ത, ഗോവ, ബെംഗളൂരു, റാഞ്ചി തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന് സമര നേതാക്കൾ ആഹ്വാനം ചെയ്തു.









