Headlines

SIR ലെ കൂട്ട പേരുവെട്ടൽ മുതൽ കമ്മീഷനിലെ ഐക്യമില്ലായ്മ വരെ; ഒന്നര വർഷത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഉയർന്ന വിവാദങ്ങൾ അറിയാം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാർ അധികാരമേറ്റതിന് ശേഷം ഒരു പിടി വിവാദങ്ങളാണ് ഉയർന്നു വന്നത്. എസ് ഐ ആറിലെ കൂട്ട പേരു വെട്ടൽ മുതൽ ഒടുവിൽ വന്ന കമ്മിഷനിലെ ഐക്യമില്ലായ്മ വരെ ഒന്നര വർഷം വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു.

രാജീവ് കുമാർ വിരമിച്ചതിനെത്തുടർന്ന് 2025 ഫെബ്രുവരി 19-നാണ് കേരള കേഡറിലെ 1988 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ ഉൾപ്പെടുന്നതായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ശേഷം വിവിധ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടാണ് ആദ്യം വിവാദം ഉയർന്നത്. കർണാടകയിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു അതീവ ഗുരുതരമായ ആരോപണം.

കർണാടകയിലെ ആലന്ദ്, മഹാദേവപുര എന്നീ മണ്ഡലങ്ങളിലെ വോട്ടർമാരെ കൂട്ടത്തോടെ നീക്കിയെന്നും, ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതിന് ശേഷം കേസ് അന്വേഷിച്ച കർണാടക സി.ഐ.ഡി ആവശ്യപ്പെട്ട വിവരങ്ങൾ പൂഴ്ത്തിവെച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. പിന്നാലെ മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലെ അട്ടിമറി ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ബിജെപിയുടെ താല്പര്യങ്ങൾക്ക് വഴങ്ങി പ്രതിപക്ഷ വോട്ടുകൾ ഇല്ലാതാക്കാൻ ഇവിഎമ്മിനെയും കമ്മീഷനെയും ആയുധമാക്കിയെന്നായിരുന്നു ആരോപണം. മാത്രമല്ല വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബിഹാറിൽ 2025 ജൂണിൽ ആരംഭിച്ച SIR പ്രക്രിയയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം നിഷേധിച്ചെന്ന് ആരോപിച്ച് പട്നയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധവും സംഘടിപ്പിച്ചു. പിന്നാലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പരാജയത്തിന് കാരണം വോട്ടർ പട്ടികയിലെ വ്യാപക ക്രമക്കേടാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. കമ്മീഷൻ നടത്തിയ SIR പ്രക്രിയയിലൂടെ ബംഗാളിൽ മാത്രം 27 ലക്ഷത്തോളം വോട്ടർമാരെ നീക്കം ചെയ്തുവെന്നായിരുന്നു മമത ബാനർജി അടക്കമുള്ള നേതാക്കളുടെ ആരോപണം. ഗ്യാനേഷ് കുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും, പുതിയ വോട്ടർ പട്ടിക റദ്ദാക്കി പഴയ പട്ടിക ഉപയോഗിച്ച് ബംഗാളിൽ വീണ്ടും നിയമസഭാ തിര‍ഞ്ഞെടുപ്പ് നടത്തണമെന്നും മമത ആവശ്യപ്പെട്ടു.

ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വീഴ്ചകൾ ചൂണ്ടിക്കാട്ടി ‘ഇന്ത്യ’ മുന്നണി നേതാക്കൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും കത്തയക്കുകയും ചെയ്തു. ഈ വിവാദങ്ങൾ തുടരുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക പുതുക്കൽ, പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ തടയൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ഈ തീരുമാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗിക ഫയലുകളിൽ വിയോജിപ്പുകൾ രേഖപ്പെടുത്തിയെന്നുമുള്ള വാർത്തകൾ പുറത്തുവന്നത്. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തു നിന്ന് ഇംപീച്ച് ചെയ്യണമെന്നാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.