ഡല്‍ഹി: എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നീക്കങ്ങള്‍ക്കെതിരെ 10 മാസത്തിനിടെ മറ്റ് കമ്മീഷണര്‍മാര്‍ രേഖപ്പെടുത്തിയത് 14 വിയോജനക്കുറിപ്പുകളെന്നാണ് റിപ്പോര്‍ട്ട്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന ഫോം 6ല്‍ വരുത്തിയ മാറ്റങ്ങളില്‍ അടക്കമാണ് വിയോജിപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. അതേസമയം ഭിന്നതയെന്ന വാര്‍ത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ തള്ളി. (Election Commission sources reject report of internal disquiet)
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ് വെളിപ്പെടുത്തലുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ കഴിഞ്ഞ 10 മാസത്തിനിടെ 14 വിയോജന കുറിപ്പുകള്‍ ആണ് മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നല്‍കിയത്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം-6 ല്‍ ചട്ടങ്ങള്‍ ലംഘിച്ച് മാറ്റങ്ങള്‍ വരുത്തി. താഴെത്തട്ടിലുള്ള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ അധികാരം ഇല്ലാതാക്കി, വോട്ടര്‍പട്ടികയുടെ പൂര്‍ണ്ണ നിയന്ത്രണം ഡല്‍ഹിയിലെ ഐടി വിഭാഗത്തിലേക്ക് മാറ്റി തുടങ്ങിയ തീരുമാനങ്ങള്‍ കൂടിയാലോചനകള്‍ ഇല്ലാതെയാണ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
ഏകപക്ഷീയ ഇടപെടലുകള്‍ക്കെതിരെ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതുന്ന സാഹചര്യത്തിലേക്കും കാര്യങ്ങള്‍ എത്തി. അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെയും ഗാനേഷ് കുമാറിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ഗ്യാനേഷ് കുമാര്‍ പദവിയില്‍ തുടരാന്‍ യോഗ്യനല്ല എന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.
അതേസമയം ആരോപണങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ തള്ളി. എസ്‌ഐആര്‍ അടക്കം എല്ലാ കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുത്തത് ഒറ്റകെട്ടായെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെയും അംഗീകാരം ലഭിച്ച ശേഷമാണ് തീരുമാനങ്ങള്‍ നടപ്പാക്കിയത് എന്നും കമ്മീഷന്‍ വ്യക്തമാക്കി.







