കൽപ്പറ്റ∙ വയനാട് മീനങ്ങാടി ഗവ സ്കൂളിലെ വിനോദയാത്രാ വിവാദത്തിൽ വീണ്ടും ട്വിസ്റ്റ്. പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ്.ഹാജിസും ബാർ റസ്റ്ററിന്റിലേക്ക് എത്തുന്നതിന്റെയും തിരികെപ്പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യുഡിഎഫ് മീനങ്ങാടി യൂണിറ്റ് കമ്മിറ്റിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതു സംബന്ധിച്ച് യുഡിഎഫ് വയനാട് എസ്പിക്ക് പരാതി നൽകുകയും ചെയ്തു.
മീനങ്ങാടി സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം ഹൈദരാബാദിലേക്കു നടത്തിയ പഠനയാത്രയ്ക്കിടെ ഷിവി കൃഷ്ണനും ഹാജിസും മദ്യപിച്ചെന്നാരോപിച്ചു വിദ്യാർഥികൾ പുറത്തുവിട്ട വിഡിയോ വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചു. എന്നാൽ പിന്നീട് നടത്തിയ വൈദ്യ പരിശോധനയിൽ പ്രിൻസിപ്പലിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായി. ഇതോടെ, നിരപരാധിയായ താൻ അവഹേളിക്കപ്പെട്ടെന്നും പിന്നിൽ രാഷ്ട്രീയനീക്കമാണെന്നും ഷിവി കൃഷ്ണൻ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് തെളിവുകളുമായി യുഡിഎഫ് രംഗത്തെത്തിയത്. ബാറിൽ ഷിവി കൃഷ്ണനും ഹാജിസും മദ്യത്തിന്റെ തുകയായ 1100 രൂപ നൽകിയെന്നും ഈ തുക ഹാജിസിന്റെ എടിഎം കാർഡ് ഉപയോഗിച്ചാണ് നൽകിയതെന്നും യുഡിഎഫ് ആരോപിച്ചു.









