ശിരോവസ്ത്ര വിവാദത്തിൽ നിലപാടിൽ ഉറച്ച് കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂൾ. സ്കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വന്നാൽ വിദ്യാർഥിനിയെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു. വിദ്യാർഥിനി ടി സി വാങ്ങുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. വിഷയത്തിൽ ഇടപെട്ടതിന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി ഉൾപ്പെടയുള്ളവർക്ക് സ്കൂൾ പ്രിൻസിപ്പൽ നന്ദി പറഞ്ഞു.
പല വിഷയങ്ങളും കോടതിയുടെ മുൻപിൽ ഇരിക്കുന്നതാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു. വിഷയത്തിൽ സ്‌കൂളിനൊപ്പം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രിൻസിപ്പൽ വാർത്താസമ്മേളനം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ആദ്യം ഒക്കെ അന്വേഷിച്ചിരുന്നെന്നും പിന്നീട് അതുണ്ടായില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി, ഹൈബി ഈഡൻ, ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർക്ക് സെന്റ് റീത്താസ് പബ്ലിക് സ്കൂൾ നന്ദി പറഞ്ഞു.
അതേസമയം സ്കൂൾ അധികൃതരെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നും രംഗത്തെത്തി. സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസവുമെന്ന് മന്ത്രി പറഞ്ഞു.ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുത്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി അറിയിച്ചു. പിടിഎ പ്രസിഡന്റ്റിന് ധിക്കാരത്തിന്റെ ഭാഷയെന്നും മന്ത്രി വിമർശിച്ചു.