ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസിക്കും വൻ തിരിച്ചടി. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ.നഗരേഷിൻ്റെ നടപടി.
ശിക്ഷാ നടപടിയുടെ സ്വഭാവത്തിൽ വരുന്നതാണ് ഡ്രൈവറുടെ സ്ഥലം മാറ്റം. അമിതാധികാര പ്രയോഗമാണ് കെഎസ്ആർടിസിയുടെ നടപടി. ജെയ്മോൻ ജോസഫിനെ പൊൻകുന്നം ഡിപ്പോയിൽ തുടരാൻ അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവർ ജയ്മോൻ ജോസഫിന്റെ ആവശ്യം.
അച്ചടക്ക വിഷയം വന്നാൽ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. ഡ്രൈവറുടെ സ്ഥലം മാറ്റത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് കെഎസ്ആർടിസി സമ്മതിക്കുകയും ചെയ്തിരുന്നു. ഡ്രൈവർ ജയ്മോൻ ജോസഫ്, സൂപ്പർവൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറായ സജീവ് എന്നിവരെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റിയാണ് ഉത്തരവിറക്കിയിരുന്നത്.