സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെ മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാരെ ബാധിച്ചു. വിവിധയിടങ്ങളിൽ സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ തടയുന്ന സാഹചര്യം ഉണ്ടായി. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ കെഎസ്ആർടിസി ബസ് വട്ടമിട്ട് സർവീസ് തടഞ്ഞു.
തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ട്രെയിനിറങ്ങിയ ആളുകൾ കാത്തുകിടക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല. ചുരുക്കം ചില ഓട്ടോറിക്ഷകൾ നിരത്തുകളിലിറങ്ങി. ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള രോഗികൾക്ക് പൊലീസ് വാഹനം സജ്ജമാക്കി. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസ് സമരനൂലികൾ തടഞ്ഞു. കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള സ്വിഫ്റ്റ് ബസ് തടഞ്ഞു.
കോഴിക്കോടും ദീർഘദൂര യാത്രക്കാർ പ്രതിസന്ധിയിലായി. കണ്ണൂരിൽ കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. രാവിലെ ഡിപ്പോയിൽ പുറപ്പെടേണ്ട 21 സർവീസുകളാണ് മുടങ്ങിയത്. മൂകാംബികയിലേക്കുള്ള ബസ് മാത്രമാണ് ആകെ സർവീസ് നടത്തിയത്. പൊലീസ് സുരക്ഷ നൽകിയാൽ സർവീസ് നടത്താൻ ശ്രമിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചിട്ടുണ്ട്. കൊല്ലത്ത് കെഎസ്ആർടിസി ബസുകൾ തടഞ്ഞു. പണിമുടക്കിന്റെ ഭാഗമായി സിഐടിയു പ്രവർത്തകരാണ് ബസ്സുകൾ തടഞ്ഞത്. കൊല്ലത്ത് നിന്ന് അമൃത ആശുപത്രിയിലേക്ക് പോകേണ്ട സൂപ്പർഫാസ്റ്റ്, മൂന്നാർ സൂപ്പർഫാസ്റ്റ് ബസ്സുകൾ ആണ് തടഞ്ഞത്.
തിരുവനന്തപുരം ടെക്നോപാർക്കിലേക്കുള്ള വാഹനങ്ങൾ ഓടുന്നുണ്ട്. പൊലീസ് അകമ്പടിയിൽ വാഹനങ്ങൾ കോൺവോയ് ആയാണ് പോകുന്നത്. ഇടുക്കിയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. കട്ടപ്പനയിൽ നിന്നും 15 ബസുകളും കുമളിയിൽ നിന്നും 5ഉം ബസുകൾ സർവീസ് നടത്തിയിരുന്നു. കട്ടപ്പനയിൽ നിന്ന് വന്ന സൂപ്പർഫാസ്റ്റ് ബസ് പോലീസ് എസ്കോട്ടോടെ തിരുവനന്തപുരത്തേക്ക് പോയി. മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഹരിപ്പാടിലേക്കും കോഴിക്കോടിലേക്കും സർവീസ് ആരംഭിച്ചു.
ആലപ്പുഴയിൽ നിന്നുള്ള മുഴുവൻ കെഎസ്ആർടിസി സർവീസുകളും മുടങ്ങി. 56 ബസുകളും ഓടുന്നില്ല. ബോട്ടുകളും സർവീസ് നടത്തുന്നില്ല. പേരൂർക്കട ഡിപ്പോയിൽ സമരാനുകൂലികൾ ബസ് തടഞ്ഞു. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യുന്നതിനായി തമ്പാനൂർ, പാപ്പനംകോട് സെൻട്രൽ വർക്സ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി ഡ്രൈവർ എത്തിയപ്പോഴാണ് സമര അനുകൂലികൾ ബസ്സുകൾ തടഞ്ഞത്. കൊച്ചിയിൽ മെട്രോ സർവീസിന് മുടക്കം ഇല്ല. അതേസമയം ഇഗ്നോ പരീക്ഷകൾക്ക് മാറ്റമില്ല. പിജി പരീക്ഷകൾ നടക്കും. ഇന്ന് അർദ്ധരാത്രിവരെയാണ് പണിമുടക്ക്.