കെഎസ്ആർടിസി ബസിന് മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ സൂക്ഷിച്ച സംഭവത്തിൽ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ ആണ് ഇന്നലെ സ്ഥലം മാറ്റിയത്. ഇവരെ ഫോണിൽ വിളിച്ച് ഉത്തരവ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ആയൂരിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ശകാരം ഏറ്റുവാങ്ങിയ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫ്, വെഹിക്കിൾ സൂപ്പർവൈസർ, മെക്കാനിക്ക് എന്നിവരെ തൃശൂരിലെ വിവിധ ഡിപ്പോകളിലേക്കായിരുന്നു സ്ഥലം മാറ്റിയത്. ഈ ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയത്. വണ്ടി തടഞ്ഞ് പരിശോധിച്ച മന്ത്രിയുടേത് ഷോ ആണെന്ന വിമർശനം ഉയർന്നിരുന്നു.
ആയൂർ എംസി റോഡിലാണ് സംഭവം നടന്നത്. കോട്ടയത്ത് നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് ബസാണ് മന്ത്രി പരിശോധിച്ചത്. തിരുവനന്തപുരത്തുനിന്നു പത്തനാപുരത്തേക്കു പോവുകയായിരുന്ന മന്ത്രി, ആയൂർ ടൗണിൽ വച്ചാണു ബസ് കാണുന്നത്. തുടർന്നു മന്ത്രിയുടെ ഔദ്യോഗിക വാഹനം തിരിച്ചു തിരുവനന്തപുരം റോഡിൽ ബസിനു പിന്നാലെ പോയി ബസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.