2019-ൽ കൈമാറിയത് സ്വർണം പൊതിഞ്ഞ പാളി തന്നെ; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലൻസ്

സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലൻസ്. 2019ൽ കൈമാറിയത് സ്വർണം പൊതിഞ്ഞ പാളി തന്നെയെന്ന് മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ മൊഴി. ശബരിമലയുടെ പേരിലുള്ള പണപ്പിരിവ് ദേവസ്വം ബോർഡ് നേരത്തെ അറിഞ്ഞതിന് തെളിവുകൾ. പരാതി ലഭിച്ചതോടെ ഔദ്യോഗിക സ്പോൺസർഷിപ്പ് കോഡിനേറ്റർമാരായി രണ്ട് പേരെ നിയമിച്ചു.

ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. വിഷയത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. വ്യാഴാഴ്ച റിപ്പോർട്ട് നൽകുമെന്നാണ് വിവരം. സംഭവത്തിൽ സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്‌ഥരുടേത്.

അതിനിടെ ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ പ്രതിപക്ഷം ബാനറുമായാണ് എത്തിയത്. ശബരിമലയിലെ സ്വർണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.