Headlines

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിലക്ക്: ‘വിദ്യാര്‍ഥിനിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടും’; മന്ത്രി വി ശിവന്‍കുട്ടി

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം. വിദ്യാര്‍ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് 2025 ഒക്ടോബര്‍ 15-ന് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് – മന്ത്രി വിശദമാക്കി.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ പരിഹാരം ഉണ്ടായി. തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

ഈ മാസം ഏഴിനാണ് സംഭവം. സ്‌കൂളിലെ ഒരു വിദ്യാര്‍ഥി യൂണിഫോമില്‍ അനുവദിക്കാത്ത രീതിയില്‍ ഹിജാബ് ധരിച്ചുവന്നതാണ് തര്‍ക്കത്തിനു കാരണമായത്. പിന്നീട് സ്‌കൂള്‍ രണ്ട് ദിവസത്തേയ്ക്ക് അടച്ചിടുകയും ഹൈക്കോടതി സ്‌കൂളിന് സംരക്ഷണം നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ഹൈബി ഈഡന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയില്‍ രക്ഷിതാവും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും ഇന്ന് ചര്‍ച്ച നടത്തിയത്. ഇതിലാണ് സ്‌കൂളിന്റെ നിയമാവലി അനുസരിച്ചു മുന്‍പോട്ട് പോകാം എന്ന് കുട്ടിയുടെ പിതാവ് അനസ് അറിയിച്ചത്. വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലന്നും, കുട്ടി നാളെ സ്‌കൂളില്‍ വരുമെന്നും അനസ് പറഞ്ഞു.