എസ്ഐആർ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഇതിനുള്ള നടപടികൾ ആരംഭിച്ചു. പുത്തൻ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ തുടക്കം ബിഹാറിൽ നിന്നാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
എല്ലാ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായുള്ള ചർച്ചകൾക്ക് ശേഷം സംസ്ഥാനം തിരിച്ചുള്ള എസ്ഐആർ നടപടികൾ ആരംഭിക്കുന്നതിന് തീയതികൾ പ്രഖ്യാപിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാഷ്ട്രീയ ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിക്കില്ല. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി മാത്രമേ സ്വീകരിക്കാൻ കഴിയൂ. ആധാർ കാർഡ് പൗരത്വ നിർണയരേഖയായി കാണാൻ കഴിയില്ല. ഇക്കാര്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു.
വോട്ട് ചെയ്യാൻ യോഗ്യതയുള്ളവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും എല്ലാവരും വോട്ട് അവകാശം നിർവഹിക്കണമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. ആരുടെയെങ്കിലും പേരുകൾ ഒഴിവാക്കപ്പെട്ടെങ്കിൽ അവർക്ക് നാമനിർദേശം നൽകുന്നതിന് 10 ദിവസം മുൻപ് സമീപിക്കാൻ കഴിയും. എല്ലാ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തി. ഇതുവരെ നടന്നതിൽ വച് നല്ല രീതിയിൽ ആയിരിക്കും ബിഹാർ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു.