ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് സമാപനം. അവസാന ദിവസമായ ഇന്ന് 5 സ്വർണമാണ് നേടിയത്. വനിതകൾക്ക് പിന്നാലെ ക്രിക്കറ്റിലും ഹോക്കിയിലും പുരുഷ ടീം സ്വർണം നേടി. 21 സ്വർണമടക്കം നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ന് ഇന്ത്യ കളത്തിലിറങ്ങിയത് 7 ഫൈനലുകളിൽ. 5 സ്വർണമടക്കം 9 മെഡലുകൾ നേടി അവസാന ദിനം ഗംഭീരമാക്കി ടീം ഇന്ത്യ. കഴിഞ്ഞ തവണത്തെ നേട്ടം മറികടക്കാൻ ആയില്ല. ഹാങ്ചോയിൽ 28 സ്വർണവും 38 വെള്ളിയും 40 വെങ്കലവും അടക്കം 106 മെഡലുകൾ നേടിയിരുന്നു.
ഹോക്കിയിൽ വനിതകൾക്ക് പിന്നാലെ പുരുഷടീമും പൊന്നണിഞ്ഞു, മലേഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ഇന്ത്യ സ്വർണം നിലനിർത്തിയത്. 2028 ഒളിമ്പിക്സിനും ഇന്ത്യ യോഗ്യത നേടി. ഉത്തരകൊറിയയുടെ ലോക ചാംപ്യന്‍ ഹാൻ ചോങ് സോങ്ങിനെ മലർത്തിയടിച്ചാണ് ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോ വിഭാഗത്തിൽ അമന്‍ സെഹ്റാവത്ത് സ്വർണം നേടി. വനിതകളുടെ 53 കിലോ വിഭാഗത്തിൽ അന്റിം പംഘൽ വെള്ളിയും പുരുഷന്മാരുടെ 97 കിലോ വിഭാഗത്തിൽ ദീപക് പൂനിയ വെങ്കലവും സ്വന്തമാക്കി.
ക്രിക്കറ്റിൽ പാകിസ്താനെ 19 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സ്വർണം. അഭിഷേക് ശർമയുടേയും തിലക് വർമയുടേയും അർധസെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്. അമ്പെയ്ത്ത് റികർവ് വിഭാഗത്തിൽ സ്വർണം നേടിയ കുംകും മൊഹോദ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും സ്വന്തം പേരിലാക്കി. ഈ ഗെയിംസിൽ താരത്തിന്റെ മൂന്നാം മെഡലാണിത്.
2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിനും കുകും മൊഹോദ് യോഗ്യത ഉറപ്പിച്ചു. പുരുഷ വിഭാഗത്തിൽ നീരജ് ചൌഹാൻ ഇന്ത്യക്കായി വെങ്കലം നേടി. വനിതാ ഗോൾഫ് വ്യക്തിഗത സ്ട്രോക് പ്ലേയിലാണ് പ്രണവി ശരത് ഉർസിന്റെ സ്വർണനേട്ടം. ടീം ഇനത്തിൽ പ്രണവി, അദിതി അശോക്, ദീക്ഷാ ദാഗർ സഖ്യം വെള്ളി നേടി. നാളെയാണ് ഗെയിംസിന്റെ ഔദ്യോഗിക സമാപനം.








