Headlines

ഇന്ത്യ-പാക്ക് ‘യുദ്ധം’ നിർത്തിയത് താരിഫെന്ന് ട്രംപ്; ‘അപ്രതീക്ഷിത’ മിസൈലുമായി ഇറാൻ, എണ്ണവില മേലോട്ട്? ഓഹരിക്ക് പേടി, താഴ്ന്ന് സ്വർണം

 

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ പുതുതായി പ്രഖ്യാപിച്ച ഇറക്കുമതി തീരുവ, പഴയ തീരുവകളെ തിരിച്ചുകൊണ്ടുവരാനുള്ള ‘വളഞ്ഞവഴി’യാണെന്ന് പരോക്ഷമായി സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തേ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം ട്രംപ് ഇന്ത്യയ്ക്കുൾപ്പെടെ അടിച്ചേൽപ്പിച്ച പകരംതീരുവ (റസിപ്രോക്കൽ താരിഫ്) യുഎസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

 

തനിക്കെതിരായ സുപ്രീംകോടതി വിധി ലജ്ജാകരമാണെന്നും സെക്ഷൻ 301 പ്രകാരം താൻ പ്രഖ്യാപിച്ച പുതിയ തീരുവകൾ ഫലത്തിൽ പഴയതീരുവകളുടെ പണി തന്നെയാണ് എടുക്കുകയെന്നും ട്രംപ് ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘‘തീരുവ ഒരിക്കലും യുഎസ് സമ്പദ്‍വ്യവസ്ഥയെ തകർക്കില്ല. മറിച്ച്, ബില്യൻകണക്കിന് നിക്ഷേപം രാജ്യത്തേക്ക് എത്തുകയും ചെയ്യും. താരിഫ് ഈ രാജ്യത്തിന്റെ ഐശ്വര്യമാണ്. ഞാൻ ഈ രാജ്യത്തെ സമ്പന്നമാക്കി’’ – ട്രംപ് പറഞ്ഞു.തുടർന്നാണ് ട്രംപ്-ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തെക്കുറിച്ച് പറഞ്ഞത്. ‘‘ഇന്ത്യ-പാക്ക് സംഘർഷം ആണവയുദ്ധത്തിലേക്ക് പോയേനെ. ഞാൻ കനത്ത തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് കൊടുത്തപ്പോൾ രണ്ടുകൂട്ടരും യുദ്ധം നിർത്തി’’ – ട്രംപ് പറഞ്ഞു. ലോകത്തെ ഏതാണ്ട് 8 യുദ്ധങ്ങളിൽ അഞ്ചും നിർത്തിയത് താരിഫ് ഭീഷണി മുഴക്കിയാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ-പാക്ക് സംഘർ‌ഷം അവസാനിപ്പിച്ചത് ട്രംപ് ആണെന്ന വാദം ഇന്ത്യ മുളയിലേ തള്ളിയിരുന്നു.

 

സെക്ഷൻ 301 പ്രകാരം തൊഴിൽ ചൂഷണം, അമിത ഉൽപാദനം, യുഎസിലേക്ക് അധിക കയറ്റുമതി നടത്തി അനധികൃത ലാഭംനേടൽ തുടങ്ങിയ ‘കുറ്റങ്ങൾ’ ആരോപിച്ചാണ് ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കുമേൽ ട്രംപ് ഭരണകൂടം അന്വേഷണം നടത്തിയത്. തുടർന്ന് ഇവയ്ക്കുമേൽ 10-12.5% തീരുവയും ചുമത്തി. ആരോപണങ്ങളിൽ ചർച്ചയാകാമെന്ന് ഇന്ത്യ സമ്മതിച്ചതിനാൽ ഇന്ത്യയ്ക്കുമേൽ 10% മാത്രം തീരുവയാണ് ചുമത്തുന്നതെന്ന് യുഎസ് അറിയിച്ചിരുന്നു. ട്രംപ് ഭരണകൂടം നിലവിൽ ചുമത്തിവന്നതും 10% തീരുവ തന്നെയാണെന്നതിനാൽ പുതിയ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയല്ല.

 

മിസൈൽ വർഷവുമായി ഇറാൻ, തടുത്തെന്ന് യുഎസ്

യുഎസുമായി നേരിട്ട് ഇനിയൊരു ചർച്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, പശ്ചിമേഷ്യയിലെ യുഎസ് സേനാതാവളങ്ങൾക്ക് നേരെ വീണ്ടും മിസൈലുകൾ അയച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് അഭിപ്രായപ്പെട്ടു. ഇറാന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നെങ്കിലും മിസൈലുകളെല്ലാം തടുത്തിട്ടെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. എവിടെയാണ് ആക്രമണമുണ്ടായതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയില്ല. ജോർദാനിലായിരുന്നു എന്നാണ് സൂചനകൾ.

 

ഏതാനും ദിവസങ്ങളായി സംഘർഷരഹിതമായിരുന്ന പശ്ചിമേഷ്യ ഇറാന്റെ നടപടിമൂലം വീണ്ടും യുദ്ധക്കളമായേക്കുമെന്ന ഭീതി ശക്തമായി. ഇറാന്റെ നീക്കത്തെ കരുതലോടെയാണ് കാണുന്നതെന്നും ഉചിതമായ മറുപടി നൽകുമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്.

 

ഇന്നലെ കനത്ത ഇടിവ് നേരിട്ട ക്രൂഡോയിൽ വില ഇറാന്റെ ആക്രമണശ്രമങ്ങളെ തുടർന്ന് വീണ്ടും മേലോട്ട് നീങ്ങിത്തുടങ്ങി. യുഎസ് ക്രൂഡ് വില ബാരലിന് 4% വർധിച്ച് 82.39 ഡോളറായി. ഇന്നലെ വില 80 ഡോളറിനും താഴേക്ക് വീണിരുന്നു. ബ്രെന്റ് ക്രൂഡ് വില പക്ഷേ ഇപ്പോഴുമുള്ളത് 5% താഴ്ന്ന് 84.09 ഡോളറിലാണെന്നത് ആഗോള സമ്പദ്മേഖലയ്ക്ക് ആശ്വാസമാണ്. പക്ഷേ, പശ്ചിമേഷ്യ വീണ്ടും അശാന്തമായാൽ ബ്രെന്റ് വിലയും കൂടിയേക്കുമെന്ന ആശങ്കയുണ്ട്.

 

∙ യുഎസിൽ ഓഹരി വിപണി സമ്മിശ്രമാണ്. എഐ/ടെക് ഓഹരികൾ നേരിടുന്ന സമ്മർദം, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഇന്ന് പ്രഖ്യാപിക്കുന്ന പണനയത്തെക്കുറിച്ചുള്ള ആശങ്കയും ആകാംക്ഷയും, കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തനഫലം എന്നിവയും ഓഹരികളെ സ്വാധീനിക്കുന്നുണ്ട്.

 

∙ യുഎസ് ഫെഡറൽ‌ റിസർവ് പലിശനിരക്കുകളിൽ മാറ്റംവരുത്താൻ സാധ്യതയില്ല.

∙ രാജ്യാന്തര സ്വർണവില ഔൺസിന് 54 ഡോളർ താഴ്ന്ന് 4021 ഡോളറിലാണുള്ളത്. ഈ ട്രെൻഡ് നിലനിന്നാൽ കേരളത്തിലെ വിലയും കുറയാം.