വീണ്ടും താരിഫ് യുദ്ധത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍, ദക്ഷിണകൊറിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം തീരുവ ചുമത്തി. ഇരു രാഷ്ട്രത്തലവന്മാര്‍ക്കുമുള്ള കത്ത് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പുറത്തുവിട്ടു. തീരുമാനം അടുത്തമാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
പുതുക്കിയ തീരുവ ചുമത്തുന്നതിനായി താന്‍ വിവിധ ലോകരാജ്യങ്ങള്‍ക്ക് കത്തുകള്‍ എഴുതി പരസ്യപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമാണ് ആദ്യഘട്ട താരിഫ് കത്തുകള്‍ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ 15ലേറെ രാജ്യങ്ങള്‍ക്ക് കത്ത് നല്‍കുമെന്നാണ് ട്രംപ് സൂചിപ്പിച്ചിരുന്നത്. ഓഗസ്റ്റ് 01 മുതല്‍ അമേരിക്കയിലേക്ക് അയയ്ക്കുന്ന ജാപ്പനീസ്, കൊറിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഇന്ന് പുറത്തുവിട്ട കത്തുകളിലൂടെ ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ തീരുമാനം ജാപ്പനീസ്, കൊറിയന്‍ ഓട്ടോമോട്ടീവ്, ഇലക്ട്രോണിക് രംഗങ്ങളെ സാരമായി തന്നെ ബാധിക്കും. അമേരിക്കയുടെ തീരുമാനത്തിന് മറുപടിയായി നിങ്ങള്‍ തീരുവ വര്‍ധിപ്പിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ എത്ര ശതമാനം താരിഫ് വര്‍ധനയുണ്ടോ അത്ര തന്നെ 25 ശതമാനം തീരുവയ്‌ക്കൊപ്പം ചേര്‍ത്ത് അമേരിക്ക കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ തീരുവ വര്‍ധന പുരനപരിശോധിക്കാന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ഇതിനായി ഇരുരാജ്യങ്ങളും തങ്ങളുടെ വ്യാപാര നയങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.