ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ആദ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോൺ കോൾ. പിന്നാലെ ഇറാനുനേരെ ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി. അതിന് ചുട്ടമറുപടിയുമായി ഇറാൻ. ചർച്ചകൾ നടക്കുമെന്നും പശ്ചിമേഷ്യ ശാന്തമാകുമെന്നുമുള്ള പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ.
ഭീഷണിയും മറുപടിയും കനത്തതോടെ അസംസ്കൃത എണ്ണവില (ക്രൂഡോയിൽ) വീണ്ടും കത്തിക്കയറി. രാജ്യാന്തര സ്വർണവില താഴ്ന്നുതുടങ്ങി. ഓഹരി വിപണികൾ തളർച്ചയുടെ പാതയിലായിരിക്കുമെന്ന സൂചന അമേരിക്കയിൽ നിന്ന് വന്നുതുടങ്ങി.
ഇറാന് ഇനി അധിക സമയമില്ലെന്ന് ട്രംപ്; തിരിച്ചടിച്ച് ഇറാൻ
‘‘ഇറാന് ഇനി അധികനേരമില്ല. ഉചിതമായ തീരുമാനം എടുക്കുന്നതാണ് അവർക്ക് നല്ലത്. അല്ലെങ്കിൽ ഇറാനിൽ ഇനിയൊന്നും ബാക്കിയുണ്ടാവില്ല. സമയം നിർണായകമാണ്’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞത് ഇങ്ങനെ.
∙ ഇറാൻ 400 കിലോഗ്രാം യൂറേനിയം അമേരിക്കയ്ക്ക് കൈമാറണം.
∙ ആണവ പദ്ധതികൾ ഒരു നിലയത്തിലേക്ക് ചുരുക്കണം.
∙ യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ചോദിക്കുന്നത് നിർത്തണം.
∙ ഇറാന്റെ വിദേശ ആസ്തികൾ മരവിപ്പിച്ചത് അംഗീകരിക്കണം.
എന്നിങ്ങനെ നിർദേശങ്ങളാണ് പുതുതായി യുഎസ് ഇറാന് മുന്നിൽവച്ചത്. നിർദേശങ്ങൾ തള്ളിയ ഇറാൻ, തിരിച്ച് സ്വന്തം ഡിമാൻഡുകൾ മുന്നോട്ടുവച്ചു. ഒന്ന്, ഇറാനുമേലുള്ള ഉപരോധങ്ങളെല്ലാം പിൻവലിക്കണം. മരവിപ്പിച്ച ആസ്തികളെല്ലാം വിട്ടുകിട്ടണം. സൈനിക നടപടികൾ യുഎസ് അവസാനിപ്പിക്കണം. ഇവയൊക്കെ അംഗീകരിച്ചാലേ ഇനി ചർച്ചയുള്ളൂ. മറിച്ച്, ആക്രമിക്കാനാണ് നീക്കമെങ്കിൽ ഇറാനിയൻ സൈന്യത്തിന്റെ വിരൽ ഇപ്പോഴും കാഞ്ചിയിൽ തന്നെയാണെന്ന മുന്നറിയിപ്പും അവർ നൽകി.
വീണ്ടും കുതിച്ച് ക്രൂഡോയിൽ; യുഎഇയിലും ഡ്രോൺ ആക്രമണം
ട്രംപിന്റെ പുതിയ വിരട്ടലും ഇറാന്റെ മറുപടിയും ക്രൂഡോയിൽ വിലയിൽ വീണ്ടും കുതിപ്പിന് വഴിവച്ചു. പശ്ചിമേഷ്യ ഉടനൊന്നും ശാന്തമാകില്ലെന്ന് വ്യക്തമായതോടെ, യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 1.75% ഉയർന്ന് 107.3 ഡോളറിലും ബ്രെന്റ് വില 1.10% മുന്നേറി 110.5 ഡോളറിലും എത്തി.
∙ ക്രൂഡോയിൽ വില കൂടിത്തുടങ്ങിയത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ വീണ്ടും പണപ്പെരുപ്പഭീതി വിതച്ചുതുടങ്ങി.
∙ ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 90% ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വൻ അടിയാണ് ഈ വിലക്കയറ്റം.
∙ പെട്രോളിനും ഡീസലിനും ഇന്ത്യയും കഴിഞ്ഞയാഴ്ച വില കൂട്ടിയിരുന്നു. ഇനിയും കൂട്ടുമെന്ന ആശങ്ക മുന്നിൽനിൽക്കേയാണ് ക്രൂഡോയിൽ വില വീണ്ടും മുന്നേറുന്നത്.
∙ ഇതിനിടെ യുഎഇയിലും സൗദി അറേബ്യയിലും ഡ്രോൺ ആക്രമണമുണ്ടായത് ആശങ്ക കടുപ്പിക്കുന്നു. യുഎഇയിൽ ബറാക്ക ആണവനിലയിത്തിനു നേരെയായിരുന്നു ആക്രമണമെന്ന് അധികൃതർ വ്യക്തമാക്കി. ‘തീവ്രവാദ ആക്രമണത്തെ’ ശക്തമായി നേരിടുമെന്നും അവർ പ്രതികരിച്ചു. 3 ഡ്രോണുകളെ വിജയകരമായി ചെറുത്തുവെന്നാണ് സൗദി അറേബ്യ പ്രതികരിച്ചത്.
ഓഹരികൾക്ക് നെഞ്ചിടിപ്പ്, എന്തെല്ലാം ബാധിക്കും?
ക്രൂഡോയിൽ വില വീണ്ടും കുതിപ്പാരംഭിച്ചത് ഇന്ന് ഓഹരികളെ തളർത്തുമെന്ന ആശങ്ക ശക്തമായി. യുഎസിൽ സ്റ്റോക്ക് ഫ്യൂച്ചേഴ്സിൽ ഡൗ ജോൺസ് 0.2% താഴ്ന്നു. എസ് ആൻഡ് പി500, നാസ്ഡാക്100 ഫ്യൂച്ചേഴ്സ് എന്നിവ നിർജീവമായിരുന്നു. ഇതിന്റെ പ്രതിഫലനം ഏഷ്യയിലും പ്രതിഫലിക്കാം. ഓഹരികളെ ഇന്ന് ബാധിച്ചേക്കാവുന്ന പ്രധാന ഘടകങ്ങൾ:
∙ ഇറാനും യുഎസും പരസ്പരം പോർവിളി ശക്തമാക്കിയത് സംഘർഷം ഉടനൊന്നും തീരില്ലെന്ന സൂചന നൽകുന്നു; എണ്ണവില കൂടുന്നു.
∙ ജി7 യോഗം: ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ന് പാരീസിൽ ജി7 രാഷ്ട്രങ്ങളുടെ നിർണായക യോഗം. ഹോർമുസ് തുറക്കാൻ സൈനിക നടപടിയാകാമെന്ന് ജി7 തീരുമാനിക്കുമോ? യുഎസ്, യുകെ, കാനഡ, ഇറ്റലി, ഫ്രാൻസ്, ജർമനി, ജപ്പാൻ രാജ്യങ്ങളാണ് ജി7.
∙ ഷിയെ കാണാൻ പുട്ടിൻ: ട്രംപ് ചൈന സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെ, റഷ്യൻ പ്രസിഡന്റ് പുട്ടിനും ചൈനയിലെത്തുന്നു. പുട്ടിൻ-ഷി ജിൻപിങ് കൂടിക്കാഴ്ചയിലും മുഖ്യവിഷയം ഇറാൻ തന്നെയാകാനാണ് സാധ്യത.
∙ യുഎസ്, ചൈന, യുകെ, ജപ്പാൻ തുടങ്ങിയ മുൻനിര രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന വളർച്ചാസൂചികക്കണക്കുകൾ ഉടൻ പുറത്തുവരും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ പണനയ നിർണയ യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവരുമെന്നതും നിർണായകം.
രൂപ തളർന്നുതളർന്ന് എങ്ങോട്ട്?
ക്രൂഡോയിൽ വിലവർധന, ഡോളർ സൂചികയുടെ മുന്നേറ്റം, പണപ്പെരുപ്പപ്പേടി, ഓഹരി വിപണിയിലെ വിദേശനിക്ഷേപ നഷ്ടം എന്നിവ ഇന്ത്യൻ രൂപയെ സാരമായി തളർത്തുകയാണ്. കഴിഞ്ഞയാഴ്ച രൂപ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 96നും താഴേക്ക് കൂപ്പുകുത്തി. 96.14വരെ താഴ്ന്ന രൂപ, വ്യാപാരം അവസാനിപ്പിച്ചത് റെക്കോർഡ് ക്ലോസിങ് നിലവാരമായ 95.96ൽ.
∙ ഇറാൻ-യുഎസ് യുദ്ധം തുടങ്ങിയശേഷം ഇതിനകം ഡോളറിനെതിരെ രൂപ 5.4% ഇടിഞ്ഞു. ഏഷ്യയിൽ ഏറ്റവും തളർന്നത് രൂപയാണ്.
∙ രൂപ 100ലേക്ക് ഇടിയുമോ എന്ന ചോദ്യവും ഉയരുന്നു.
∙ കഴിഞ്ഞയാഴ്ച മാത്രം 13,600 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചത്. മേയിൽ ഇതുവരെ 24,600 കോടി രൂപ പിൻവലിച്ചു. 2026ൽ ഇതുവരെ നഷ്ടം 2.65 ലക്ഷം കോടി രൂപ.
പ്രവർത്തനഫലത്തിലേക്ക് നോട്ടം
സൺ ഫാർമ, ഐടിസി, ഭാരത് ഇലക്ട്രോണിക്സ്, ഗ്രാസിം ഇൻഡസ്ട്രീസ്, എൻടിപിസി, ഐഷർ മോട്ടോഴ്സ്, അപ്പോളോ ഹോസ്പിറ്റൽസ്, ഹിൻഡാൽകോ എന്നിവയാണ് ഈയാഴ്ച ജനുവരി-മാർച്ചുപാദ പ്രവർത്തനഫലം പുറത്തുവിടുന്ന പ്രമുഖർ.
∙ ബിപിസിഎൽ, ഇന്ത്യൻ ഓയിൽ എന്നിവയുടെ ഫലവും അറിയാമെന്നത് ഏവരും ശ്രദ്ധിക്കും.
∙ ഓറോബിന്ദോ ഫാർമ, ഗെയിൽ ഇന്ത്യ, നൈക, ഓല ഇലക്ട്രിക്, എൽജി, ഇന്ദ്രപ്രസ്ഥ ഗ്യാസ്, എൽഐസി, ജെഎസ്ഡബ്ല്യു സിമന്റ്, കർണാടക ബാങ്ക്, ടോറന്റ് ഫാർമ, ഇൻഫോ എജ്ഡ് എന്നിവയുടെ ഫലവും ഈയാഴ്ച അറിയാം.
സ്വർണവില എങ്ങോട്ട്?
ക്രൂഡോയിൽ വിലവർധന, യുഎസ് ഡോളർ ഇൻഡക്സിന്റെ നേട്ടം, പണപ്പെരുപ്പ ആശങ്ക എന്നിവ സ്വർണത്തിന് തിരിച്ചടിയാണ്. ഔൺസിന് 20 ഡോളർ താഴ്ന്ന് 4534 ഡോളറിലാണ് രാവിലെ രാജ്യാന്തര സ്വർണവിലയുള്ളത്. ഇതാണ് ട്രെൻഡ് എങ്കിൽ കേരളത്തിലും ഇന്നു രാവിലെ വില താഴും.









