മോസ്കോ ∙ യുക്രെയ്‌ന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 75 പേർക്ക് പരുക്കേറ്റു. റഷ്യയുടെ മധ്യഭാഗത്തുള്ള ടാറ്റർസ്ഥാൻ മേഖലയിലാണ് ആക്രമണമുണ്ടായത്. രാജ്യാതിർത്തിയിൽ നിന്ന് 1,000 കിലോമീറ്ററിലധികം ദൂരെ സ്ഥിതി ചെയ്യുന്ന നിഷ്നെകാമ്സ്ക് എന്ന വ്യാവസായിക നഗരത്തിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ചെന്ന് യുക്രെയ്‌ൻ സ്ഥിരീകരിച്ചു. ഊർജ വിഭവങ്ങളാൽ സമ്പന്നമായ റഷ്യയുടെ ടാറ്റർസ്ഥാൻ മേഖലയിലെ എണ്ണ ശുദ്ധീകരണശാലകൾ ലക്ഷ്യമിട്ടാണ് യുക്രെയ്‌ൻ ആക്രമണമെന്ന് റിപ്പോർട്ടുകളുണ്ട്.യുക്രെയ്‌ൻ തൊടുത്ത 456 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ എത്രയെണ്ണം ലക്ഷ്യത്തിലെത്തി എന്ന് റഷ്യ വ്യക്തമാക്കിയില്ല. രാത്രിയിലെ ആക്രമണത്തിൽ റഷ്യ 126 ഡ്രോണുകൾ തൊടുത്തുവിട്ടതായി യുക്രെയ്‌ൻ വ്യോമസേന അറിയിച്ചു. റഷ്യൻ അതിർത്തി പ്രദേശമായ ബെൽഗൊറോഡിൽ യുക്രെയ്‌ൻ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഖേഴ്സൺ മേഖലയിൽ ഒരു ടാക്സിക്ക് നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരു പുരുഷൻ കൊല്ലപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.അതേസമയം, ഹർകീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ചുഗുവ് മേഖലയിലെ ബുഗൈവ്ക ഗ്രാമത്തിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ പീരങ്കി ആക്രമണത്തിൽ നിരവധി വീടുകൾ തകർന്നെന്ന് യുക്രെയ്‌ൻ അധികൃതർ സ്ഥിരീകരിച്ചു. യുക്രെയ്‌നിലെ വൈദ്യുതി ഗ്രിഡിനെ ലക്ഷ്യമാക്കി റഷ്യൻ സേന കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ തുടർന്ന് തെക്കൻ ഒഡെസ മേഖലയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. പതിനായിരത്തിലേറെ വീടുകളെയാണ് ഇത് ബാധിച്ചത്.









