മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ നടന്നത് നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂക്കോട്ടുംപാടം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
നിർഭാഗ്യകരമായ സംഭവമാണ് ഇവിടെ നടന്നത്. മഴക്കാലം പോലുമായിരുന്നില്ല. അപ്രതീക്ഷിതമായെത്തിയ മലവെള്ളം വലിയ ദുരന്തമായി മാറുകയായിരുന്നു. ടൂറിസ്റ്റ് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലമല്ല ഇവിടം. നല്ല ഭംഗിയുള്ള സ്ഥലമാണെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിച്ചതിനെ തുടർന്ന് പല സ്ഥലങ്ങളിൽ നിന്ന് ആളുകൾ എത്തിയിരുന്നു. പ്രദേശത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. ജില്ലാ ഭരണകൂടം അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നും കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മഴ പെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് അപ്രതീക്ഷിതമായി വലിയ ദുരന്തമായി മാറിയത്. ജില്ലാ അടിസ്ഥാനത്തിൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് തയ്യാറാക്കും. എൻജിഒകളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടും. കുടുംബങ്ങൾക്ക് സഹായം നൽകും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഈ സഹായം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.









