താജ്മഹല്‍ പരിസരത്ത് സഞ്ചാരികള്‍ക്ക് ശല്യമായി വാനരപ്പട; ആശങ്കയേറ്റുന്ന വീഡിയോ

ആഗ്രയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും ഇന്ത്യയിലെ ഏറ്റവും പൈതൃക സ്ഥലികളിലൊന്നുമായ താജ്മഹലും പരിസരവും കുരങ്ങുപട കൈയ്യടക്കുന്നതായി റിപ്പോര്‍ട്ട്. വലിയ കൂട്ടം കുരങ്ങുകളുടെ സാന്നിധ്യം മന്ദിരത്തിനും പരിസരത്തിനും ഭീഷണിയായിരിക്കുകയാണ്. താജ്മഹല്‍ കാണാനെത്തുന്ന വിദേശികള്‍ക്കടക്കം വാനരപ്പട സുരക്ഷാഭീഷണി ഉയര്‍ത്തുകയാണ്. സുരക്ഷാഗാര്‍ഡുമാരും സഞ്ചാരികളും എടുത്തതെന്ന് കരുതുന്ന, സ്മാരകത്തിന് ചുറ്റും കൂട്ടത്തോടെ കറങ്ങുന്ന കുരങ്ങുകളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ അതിവേഗം പ്രചരിക്കുന്നത് സന്ദര്‍ശക പ്രവാഹത്തെ ബാധിക്കുമോ എന്നതും ആശങ്കയാണ്. ദിനംതോറും പെരുകി വരുന്ന കുരങ്ങുകളുടെ എണ്ണം സന്ദര്‍ശക സുരക്ഷയെക്കുറിച്ച്, പ്രത്യേകിച്ച് വിദേശ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ഈസ്റ്റേണ്‍ ഗേറ്റ്, വെസ്റ്റേണ്‍ ഗേറ്റ്, റോയല്‍ ഗേറ്റ് എന്നിവയ്ക്ക് സമീപം വാനരക്കൂട്ടങ്ങള്‍ പതിവായി എത്തുന്നതായി ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. ഇവയില്‍ മിക്ക കുരങ്ങുകളും ഭക്ഷണം തേടി സന്ദര്‍ശകരെ പിന്തുടരാനും ആക്രമിക്കാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. മുമ്പ് ഇവിടെ വിനോദസഞ്ചാരികളെ കുരങ്ങുകള്‍ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കുരങ്ങുകളുടെ വലിയ കൂട്ടം തന്നെ താജ് മഹല്‍ സമുച്ചയത്തിലും പരിസരത്തും ഉണ്ടെന്ന് പ്രദേശത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വാനരസേനയെ ഫലപ്രദമായി തുരത്താനോ പിടികൂടി മാറ്റാനോ അധികാരികള്‍ ശ്രമിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. പ്രശ്‌നം രൂക്ഷമാകുമ്പോള്‍ ഗാര്‍ഡുമാര്‍ എത്തി ഇവയെ ത്ല്‍ക്കാലത്തേക്ക് തുരത്തുക മാത്രമാണ് ചെയ്യുന്നത്. മാത്രമല്ല സ്മാരകം പരിപാലിക്കുന്നതിന് ഉത്തരവാദിത്തമുള്ള വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും സ്ഥിതി കൂടുതല്‍ വഷളാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.