വയനാടിന്റെ ചരിത്ര പൈതൃകവും കാര്‍ഷിക സംസ്കൃതിയും തൊട്ടറിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് അമ്പലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം സന്ദര്‍ശിച്ചു. ജില്ലയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടയാണ് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയത്തിലെത്തിയത്. മ്യൂസിയത്തില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അധികൃതര്‍ ഗവര്‍ണറെ വരവേറ്റു. ജില്ലയുടെ സമഗ്രവും പൂര്‍ണ്ണവുമായ ചരിത്രത്തെ ഉള്‍ക്കൊള്ളുന്ന മ്യൂസിയത്തില്‍ എല്ലാം കണ്ടും കേട്ടുമറിഞ്ഞായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം.
ഗോത്ര സംസ്കൃതിയുടെയും കാര്‍ഷിക മുന്നേറ്റത്തിന്റെയും പടയോട്ടങ്ങളുടെയും വേരോട്ടമുള്ള മണ്ണില്‍ ഹെറിറ്റേജ് മ്യൂസിയം ഒരുക്കുന്നത് ഇന്നലകെളിലേക്കുള്ള യാത്രയാണ്. ലളിതവും സുന്ദരവുമായ രീതിയില്‍ ഇവിടെ എല്ലാം സജ്ജീകരിച്ചിരിക്കുന്നു. പേനയും പുസ്തകവുമായി വേണം ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍. ഇന്ത്യന്‍ ചരിത്രത്തെയും സംസ്കൃതിയുടെയും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രീയപ്പെട്ട ഇടമാണിത്. ഹെറിട്ടേജ് മ്യൂസിയത്തിന്റെ സന്ദര്‍ശക പുസ്തകത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇങ്ങനെ എഴുതിചേര്‍ത്തു. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പഴശ്ശി പോരാട്ടങ്ങളുടെ കഥ പറയുന്ന വീരക്കല്ല്, ഗോത്ര ജനതയുടെ പരമ്പരാഗത ആയുധങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഓരോന്നിനെക്കുറിച്ചും ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു. എല്ലാം വിസ്മയകരമായി തോന്നുന്നു. മ്യൂസിയം പരിപാലിക്കുന്നവരെയും അഭിനന്ദിച്ചാണ് ഗവര്‍ണര്‍ ഇവിടെ നിന്നും മടങ്ങിയത്.
പൈതൃക മ്യൂസിയം
അതിഥികളില്‍ പ്രമുഖനായി ഗവര്‍ണര്‍
അമ്പലവയല്‍ പൈതൃക മ്യൂസിയത്തിന്റെ ചരിത്രത്തില്‍ ഇവിടം സന്ദര്‍ശിച്ചിട്ടുള്ള അതിഥികളില്‍ പ്രമുഖനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇടംപിടിച്ചു. ഇതാദ്യമായാണ് ഒരു ഗവര്‍ണര്‍ ഈ മ്യൂസിയം സന്ദര്‍ശിക്കുന്നത്. ഗവര്‍ണറുടെ സന്ദര്‍ശനം വയനാട് ചരിത്ര മ്യൂസിയത്തിനും പുത്തനുണര്‍വ്വായി. ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നായി കാലങ്ങളെടുത്ത് ശേഖരിച്ച അമൂല്യ വസ്തുക്കളാണ് വയനാട് പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1986 ല്‍ രവീന്ദ്രന് തമ്പി വയനാട് ജില്ലാ കളക്ടറായിരുന്ന വേളയിലാണ് ജില്ലയുടെ പൈതൃക സംരക്ഷണത്തിനായി വ്യാപക പഠനം നടന്നത്. ഇതിന് ശേഷം വിശ്വാസ് മേത്ത കളക്ടറായിരുന്ന സമയത്തും പഠനങ്ങള്‍ ഊര്‍ജ്ജിതമായി. ഒരു വ്യാഴവട്ടക്കാലത്തെ പരിശ്രമത്തിനൊടുവില്‍ അമ്പലവയലില്‍ ഹെറിറ്റേജ് മ്യൂസിയം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ജില്ലകള്‍ തോറും പൈതൃക മ്യൂസിയം എന്ന ആശയത്തിന് പ്രാചരം കിട്ടുന്ന അക്കാലത്തുള്ള ഇന്ത്യയില്‍ ഒന്നാമതായി രൂപം കൊണ്ട ജില്ലാ തല മ്യൂസിയങ്ങളിലൊന്നാണിത്. സംസ്കാരികമായി ഏറ്റവും പ്രാധാനമ്യമുള്ള വസ്തുക്കളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്. ആയിരത്താണ്ടുകളായി ആള്‍പെരുമാറ്റങ്ങളുള്ള വയനാടന്‍ പ്രദേശങ്ങളിലെ സംഭവബഹുലമായ ഭൂതകാലത്തെയാണ് മ്യൂസിയം പ്രതിനിധാനം ചെയ്യുന്നത്. ഗോത്രസ്മൃതി, ജീവനസ്മൃതി, വീരസ്മൃതി, ദേവസ്മൃതി എന്നിങ്ങനെ നാല് ഗാലറിയായാണ് പൈതൃക മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ഗോത്ര ജീവനത്തിന്റെ ഉപജീവനവൃത്തികളുമായി ബന്ധപ്പെട്ട വസ്തുക്കളും വീട്ടുപകരണങ്ങളുമാണ് ഗോത്രസ്മൃതിയില്‍ ഒരുക്കിയിട്ടുള്ളത്. വീരസ്മൃതി പഴശ്ശി കാലഘട്ടത്തിലെ ബ്രിട്ടീഷ് പോരാട്ടങ്ങളുടെ സ്മരണയാണ്. ഗ്രാമീണതയുടെയും കാര്‍ഷിക പൈതൃകങ്ങളുടെയും അടയാളങ്ങളാണ് ജീവന സ്മൃതിയിലുള്ളത്. ആരാധനയും ദേവപ്രതിഷ്ഠകളുടെയും കഥയും ചരിത്രവുമാണ് ദേവ സ്മൃതിയിലുള്ളത്. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ചരിത്ര പഠിതാക്കള്‍ക്കും ചരുങ്ങിയ കാലം കൊണ്ടാണ് പൈതൃക മ്യൂസിയം പാഠപുസ്തകമായി മാറിയത്.