🔳രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ ഉടനെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 137 കോടി വാക്സിന്‍ ഇതുവരെ നല്‍കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
🔳ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. നിലവില്‍ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. യാത്രക്കാര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലെന്ന് കണ്ടാല്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
🔳വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്സഭയില്‍ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് പാസാക്കിയത്. ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. ബില്ല് മൗലിക അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തു. വോട്ടെട്ടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം പക്ഷേ അംഗീകരിച്ചില്ല. ബില്ലിലെ ഒരു വ്യവസ്ഥയിലും വിശദമായ ചര്‍ച്ചയോ വോട്ടെടുപ്പോ സഭയില്‍ നടന്നില്ല. മിനുട്ടുകള്‍ കൊണ്ടാണ് സുപ്രധാന ബില്ല് ലോകസഭയില്‍ പാസായത്. ഇനി രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാല്‍ ബില്ല് നിയമമാകും.
🔳വിവിധ മേഖലകളിലെ പ്രമുഖ കമ്പനി തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. 2022ലെ കേന്ദ്ര ബഡ്ജറ്റിന്റെ മുന്നോടിയായാണ് ഈ കൂടികാഴ്ച നടന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വീണ്ടും ഏത് രീതിയില്‍ ഉര്‍ജ്ജസ്വലമാക്കാം എന്നതാണ് കൂടികാഴ്ചയില്‍ മുഖ്യവിഷയമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വകാര്യ മേഖലയില്‍ നിന്നും ബഡ്ജറ്റിന് മുന്നോടിയായി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടുന്നതിനും പ്രധാനമന്ത്രി ഈ യോഗത്തില്‍ സമയം കണ്ടെത്തി. ബഡ്ജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തുന്ന വിവിധ യോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇന്നലെ നടന്ന സിഇഒമാരുമായുള്ള യോഗം.
🔳കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ മൃതശരീരം സംസ്‌കരിച്ചു. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്‌കാരം. കണ്ടു നിന്നവരുടെയെല്ലാം ഉള്ളുലയ്ക്കുന്നതായിരുന്നു ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ രഞ്ജിത് ശ്രീനിവാസന്റെ മൃതശരീരം എത്തിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍. ഹീനമായ കൊലപാതകം നേരില്‍ കാണേണ്ടി വന്ന രഞ്ജിത്തിന്റെ അമ്മയെയും ഭാര്യയെയും പെണ്‍ മക്കളെയും ആശ്വസിപ്പിക്കാനാവാതെ പാര്‍ട്ടി നേതാക്കളടക്കം വിതുമ്പി.
🔳എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം കാരണമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതിലുള്ള പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.
🔳എല്‍ജെഡി വിട്ട പ്രമുഖ നേതാവ് ഷെയ്ക്ക് പി ഹാരിസ് സിപിഎമ്മിലേക്ക്. തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിപിഎമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഷെയ്ക്ക് പി ഹാരിസ് പ്രഖ്യാപിച്ചത്.
🔳സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. എറണാകുളം അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാര്‍ക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിന് നിര്‍ദ്ദേശം നല്‍കി. അടുത്ത ഈസ്റ്ററിന് മുമ്പ് സഭയിലൊട്ടാകെ ഏകീകൃത കുര്‍ബാന നടപ്പിലാകുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.
🔳സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്നും ഇ ടി ആരോപിക്കുന്നു. ബില്‍ പാസായാല്‍ നിരവധി നിയമങ്ങളില്‍ മാറ്റം വരുമെന്നും നിരവധി സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്നുമാണ് മുസ്ലീം ലീഗ് നേതാവ് പറയുന്നത്.
🔳കൊച്ചിയിലെ മോഡലുകളുടെ മരണം രാജ്യസഭയില്‍ പരാമര്‍ശിച്ച് സുരേഷ് ഗോപി എം.പി. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം ആരോപിച്ചു. അതില്‍നിന്ന് രക്ഷനേടാന്‍ മോഡലുകള്‍ രണ്ടു ചെറുപ്പക്കാരുടെ സഹായം തേടി. എന്നാല്‍ അവരെ ലഹരിക്ക് അടിമയായ ആള്‍ പിന്തുടര്‍ന്നു. കൊച്ചിയിലെ റോഡില്‍വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു.
🔳തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ചെന്ന് ആരോപണമുയര്‍ന്ന സംഭവത്തെ കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. കുട്ടി കരഞ്ഞതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത് എന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്റെ മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതില്‍ വിമര്‍ശിച്ച കോടതി, വീഡിയോ ദ്യശ്യങ്ങള്‍ ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. എന്തിനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട് തള്ളിയ ഹൈക്കോടതി, വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും കൂട്ടിച്ചേര്‍ത്തു. വീഡിയോ ഐജി പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കേസ് നാളത്തേക്ക് മാറ്റി. കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചത്. കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
🔳ആലുവ യുസി കോളേജിന് മുന്നില്‍ രാത്രിയില്‍ റോഡ് ഉപരോധിച്ച് വിദ്യാര്‍ഥിനികളുടെ സമരം. വൈകിട്ട് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള സമയപരിധി ആറ് മണിയില്‍ നിന്ന് ഒമ്പതര വരെയാക്കണം എന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്. ആലുവ – പറവൂര്‍ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥിനികളെ കോളജേ് ഗേറ്റിലേക്ക് മാറ്റി. ഹോസ്റ്റല്‍ കര്‍ഫ്യൂ സമയം രാത്രി ഒമ്പതര വരെയാക്കാന്‍ 2019-ല്‍ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രിന്‍സിപ്പലാണെന്നും ഉത്തരവിലുണ്ട്. തുടര്‍ന്ന് നിരവധി തവണ സമയം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥിനികള്‍ സമരത്തിലേക്ക് തിരിഞ്ഞത്.
🔳വടകര താലൂക്ക് ഓഫീസ് തീപ്പിടുത്തത്തില്‍ സംശയമുന്നയിച്ച് കെ കെ രമ എംഎല്‍എ. പൊലീസ് അറസ്റ്റ് ചെയ്ത ആന്ധ്രാ സ്വദേശിയാണ് തീവെച്ചതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രമ, സംഭവത്തില്‍ പൊലീസ് അന്വേഷണം പോരെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
🔳വിദേശത്തെ സമ്പാദ്യവുമായി ബന്ധപ്പെട്ട പനാമ പേപ്പര്‍ കേസില്‍ നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്തു. ദില്ലിയിലെ ഇഡി ഓഫിസില്‍ ഇന്നലെ അഞ്ച് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് മുന്‍ ലോകസുന്ദരിയെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. പനാമ പേപ്പര്‍ കേസ് അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് അടക്കം വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്.
🔳വിദേശ നാണ്യ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് സമാജ് വാദി പാര്‍ട്ടി എംപിയും ഐശ്വര്യയുടെ ഭര്‍തൃമാതാവുമായ ജയ ബച്ചന്‍. ബിജെപിയുടെ മോശം ദിവസങ്ങള്‍ ആരംഭിക്കുമെന്നും താന്‍ ശപിക്കുകയാണെന്നും രാജ്യസഭയില്‍ ജയാ ബച്ചന്‍ പറഞ്ഞു. മയക്കുമരുന്ന് നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു ജയാ ബച്ചന്‍ ബിജെപിക്കെതിരെ പൊട്ടിത്തെറിച്ചത്.
🔳ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടികാഴ്ച നടത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ വച്ചായിരുന്നു കൂടികാഴ്ച. ഒരു മണിക്കൂറോളം കൂടികാഴ്ച നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. ടിബറ്റിന്റെ സ്വതന്ത്ര്യപദവി അടക്കം നിരവധി കാര്യങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
🔳മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ശ്രമങ്ങള്‍ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. സംസ്ഥാനത്ത് ദിവസങ്ങള്‍ക്കിടെ രണ്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ കൂടിയാണ് സിദ്ദുവിന്റെ പരാമര്‍ശം. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലും കപൂര്‍ത്തലയിലെ ഗുരുദ്വാരയിലും നടന്ന അതിക്രമ ശ്രമങ്ങളെ അപലപിച്ച സിദ്ദു അത്തരം അക്രമികളെ ‘പരസ്യമായി തൂക്കിലേറ്റണമെന്നും’ അഭിപ്രായപ്പെട്ടു.
🔳പോയ വര്‍ഷത്തെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി മെറ്റയെ അഥവാ പഴയ ഫെയ്‌സ്ബുക്കിനെ തിരഞ്ഞെടുത്ത് സര്‍വേഫലം. ലോകത്തെ ഏറ്റവും മികച്ചതും മോശവുമായ കമ്പനികളെ കണ്ടെത്തുന്നതിനായി യാഹൂ ഫിനാന്‍സ് വര്‍ഷം തോറും നടത്തുന്ന സര്‍വേയിലാണ് മെറ്റയെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തിരഞ്ഞെടുത്തത്. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ അലിബാബയാണ് രണ്ടാമത്. അലിബാബയേക്കാള്‍ 50 ശതമാനം കൂടുതല്‍ വോട്ടുകള്‍ നേടിയാണ് മോശം കമ്പനികളുടെ പട്ടികയില്‍ മെറ്റ മുന്നിലെത്തിയത്. മറുവശത്ത് ഏറ്റവും മികച്ച കമ്പനിയായി മൈക്രോസോഫ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.
🔳ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സി-ബെംഗലൂരു എഫ്‌സി പോരാട്ടത്തില്‍ ഗോള്‍രഹിത സമനില. കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. സമനിലയോടെ ജംഷഡ്പൂര്‍ 12 പോയന്റുമായി ഹൈദരാബാദിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ആറ് പോയന്റുള്ള ബെംഗലൂരു പത്താം സ്ഥാനത്ത് തുടരുന്നു.
🔳ടെന്നീസ് താരം റാഫേല്‍ നദാലിന് കൊവിഡ് സ്ഥിരീകരിച്ചു. പരിക്കിന്റെ നീണ്ട ഇടവേളക്കുശേഷം അബുദാബിയില്‍ നടന്ന മുബാദല ടെന്നീസ് ടൂര്‍ണമെന്റിലൂടെ കോര്‍ട്ടില്‍ തിരിച്ചെത്തിയ നദാലിന് സ്പെയിനില്‍ തിരിച്ചെത്തിയശേഷം നടത്തിയ പിസിആര്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
🔳മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഗ്രേയം സ്മിത്ത,് മാര്‍ക് ബൗച്ചര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. വംശീയ അധിക്ഷേപ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്റ്ററാണ് സ്മിത്ത്. ബൗച്ചര്‍ പരിശീലകനും.
🔳കേരളത്തില്‍ ഇന്നലെ 39,826 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 405 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,922 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3722 പേര്‍ രോഗമുക്തി നേടി. ഇതോടെ 28,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസര്‍ഗോഡ് 44.
🔳ആഗോളതലത്തില്‍ ഇന്നലെ 4,60,535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 80,295 പേര്‍ക്കും ഇംഗ്ലണ്ടില്‍ 91,743 പേര്‍ക്കും റഷ്യയില്‍ 27,022 പേര്‍ക്കും ജര്‍മനിയില്‍ 21,710 പേര്‍ക്കും സ്പെയിനില്‍ 26,568 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.56 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.30 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,329 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 228 പേരും റഷ്യയില്‍ 1,019 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.75 ലക്ഷമായി.
🔳രാജ്യത്തെ ഐഐടികളില്‍ നിന്നുള്ള ഒന്നാം ഘട്ട പ്ലേസ്‌മെന്റുകളുടെ ശമ്പളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും ശരാശരി 20 ശതമാനം വര്‍ധന. ജോലി വാഗ്ദാനം ലഭിക്കുന്ന കാര്യത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. 45 മുതല്‍ 100 ശതമാനം വരെ വര്‍ധനയാണ് ജോലി വാഗ്ദാനത്തില്‍ ഉണ്ടായിരിക്കുന്നത്. ഐഐടി മദ്രാസില്‍ റെക്കോര്‍ഡ് പ്ലേസ്‌മെന്റ്. ക്യാംപസ് പ്ലേസ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത 73 ശതമാനം വിദ്യാര്‍ഥികളും ജോലി ലഭിച്ചു. ഐഐടി ഡല്‍ഹിയില്‍ ജോബ് ഓഫറുകളില്‍ 45 ശതമാനം വര്‍ധന. ഐഐടി പാറ്റ്‌നയിലാണ് ഏറ്റവും കൂടുതല്‍ ആഭ്യന്തര ശമ്പളം ലഭിച്ചത്- പ്രതിവര്‍ഷം 61.3 ലക്ഷം. ഐഐടി റോര്‍ക്കീയില്‍ 2.15 കോടി രൂപയുടെ ഇന്റര്‍നാഷണല്‍ പാക്കേജ്. രാജ്യത്തിനകത്തുള്ള ഏറ്റവും വലിയ പാക്കേജ് വാഗ്ദാനം ചെയ്യപ്പെട്ടത് ഐഐടി പാറ്റ്‌നയിലാണ്. കഴിഞ്ഞ വര്‍ഷം 47 ലക്ഷമായിരുന്നു വലിയ വാഗ്ദാനം. ഇപ്രാവശ്യം അത് 61.3 ലക്ഷ (പ്രതിവര്‍ഷം)മായി ഉയര്‍ന്നു.
🔳പരമ്പരാഗത വസ്ത്രങ്ങളുടെ, രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഫാബ്ഇന്ത്യ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ഡിസംബര്‍ അവസാനത്തോടെ ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് ഡോക്യുമെന്റ് ഫാബ് ഇന്ത്യ സമര്‍പ്പിക്കും. 4000 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കന്‍ ലക്ഷ്യമിടുന്നത്. ഐപിഒയില്‍ 250 കോടിയുടെ പുതിയ ഓഹരികളുണ്ടാകും. നിരവധി നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കും. എന്നാല്‍ കൃത്യമായ കണക്കുകള്‍ ഫാബ്ഇന്ത്യ അറിയിച്ചിട്ടില്ല. വസ്ത്ര വില്‍പ്പനയ്ക്ക് പുറമെ ഹോം ഫര്‍ണിച്ചര്‍, ഓര്‍ഗാനിക് ഫൂഡ് എന്നീ മേഖലയിലും ഫാബ്ഇന്ത്യയ്ക്ക് സാന്നിധ്യമുണ്ട്.
🔳സിദ്ധാര്‍ഥ് ചതുര്‍വേദി, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഗെഹരായിയാം’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. 2020 ജനുവരി 25ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അനന്യ പാണ്ഡെയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശകുന്‍ ബത്ര സംവിധാനം ചെയ്ത ചിത്രം കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗോവ, മുംബൈ, അലിബാഗ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
🔳പ്രേക്ഷകനെ റിലീസിന് മുന്‍പേ ഉത്സവ തിമിര്‍പ്പിലേക്ക് എത്തിച്ചുകൊണ്ട് അജഗജാന്തരത്തിലെ പൂരപ്പാട്ട് എത്തി. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന് ഉത്സവ പ്രതീതി സമ്മാനിക്കുന്ന ഗാനം അജഗജാന്തരത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുകയാണ്. ആന്റണി പെപ്പെ, അര്‍ജുന്‍ അശോകന്‍, സാബുമോന്‍ തുടങ്ങി സിനിമയിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം വീഡിയോ സോങ്ങില്‍ കാണാം. മേളവും വെടിക്കെട്ടും ആനയും ദീപാലങ്കാരവും നിറഞ്ഞ കളര്‍ഫുള്‍ ഫ്രെയ്മുകളാണ് പാട്ടിന്റെ ശ്രദ്ധാകേന്ദ്രം. ഡിസംബര്‍ 23 നാണ് അജഗജാന്തരം തിയറ്ററുകളിലെത്തുന്നത്.
🔳സാങ്കേതിക പ്രശ്‌നം കാരണം റോയല്‍ എന്‍ഫീല്‍ഡ് പുതിയ ക്ലാസിക് 350 മോട്ടോര്‍സൈക്കിളുകളുടെ 26,300 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ബ്രേക്ക് റിയാക്ഷന്‍ ബ്രാക്കറ്റ് പ്രശ്‌നം കാരണമാണ് നടപടി. മോട്ടോര്‍സൈക്കിള്‍ സ്വിംഗ് ആമില്‍ ഘടിപ്പിച്ചിരിക്കുന്ന ബ്രേക്ക് റിയാക്ഷന്‍ ബ്രാക്കറ്റിന് പ്രത്യേക റൈഡിംഗ് സാഹചര്യങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് കമ്പനിയുടെ സാങ്കേതിക സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 1 നും ഡിസംബര്‍ 5 നും ഇടയില്‍ നിര്‍മ്മിച്ച സിംഗിള്‍-ചാനല്‍ എബിഎസ്, റിയര്‍ ഡ്രം ബ്രേക്ക് ക്ലാസിക് 350 മോഡലുകളെയാണ് പ്രശ്‌നം ബാധിക്കുന്നത്.
🔳ക്ഷണികമായ ജീവിതത്തെ മധ്യേയിങ്ങനെ കാണുന്ന നേരത്തെ അനശ്വരമാക്കുവാന്‍ ശ്രമിക്കുന്ന കൂറെ മനുഷ്യരാണ് ഈ കഥങ്ങള്‍. ‘കാത്തിരുന്ന നിമിഷം’. വര്‍ഗീസ് ചെമ്മണ്ണൂര്‍. എച്ച ആന്‍ഡ് സി ബുക്സ. വില 190 രൂപ.
🔳കടുത്ത രൂപത്തിലുള്ള സ്‌കിസോഫ്രീനിയ അനുഭവിക്കുന്നവരില്‍ ചില അപൂര്‍വ ജനിതക വ്യതിയാനങ്ങള്‍ ഉയര്‍ന്ന തോതില്‍ ഉണ്ടാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. മാനസികരോഗത്തിന്റെ സാധ്യതകള്‍ നിര്‍ണയിക്കാനും പുതിയ ചികിത്സാ മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും സഹായിക്കുന്നതാണ് കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍. ഗവേഷണ ഫലം പിഎന്‍എഎസ് ജേണലില്‍ പ്രസിദ്ധീകരിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് മതിഭ്രമവും, മിഥ്യാബോധവും ധാരണാശേഷിക്കുറവും ഉണ്ടാക്കുന്ന രോഗമാണ് സ്‌കിസോഫ്രീനിയ. ഇത് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത 60 മുതല്‍ 80 ശതമാനം വരെയാണ്. സാധാരണ ചികിത്സ വഴി നില മെച്ചപ്പെടാത്ത കടുത്ത സ്‌കിസോഫ്രീനിയ രോഗികളായ 112 പേരിലാണ് ഗവേഷണം നടത്തിയത്. ഇവരിലെ ജനിതക വ്യതിയാനങ്ങള്‍ മാനസികാരോഗ്യ പ്രശ്നങ്ങളില്ലാത്ത 5000 പേരുടേതുമായി താരതമ്യപ്പെടുത്തി. ചികിത്സ ഫലം ചെയ്യാത്ത കടുത്ത സ്‌കിസോഫ്രീനിയ രോഗികളില്‍ 48 ശതമാനത്തിനും അപൂര്‍വവും വിനാശകരവുമായ ജനിതക വ്യതിയാനം കുറഞ്ഞത് ഒരെണ്ണമെങ്കിലും ഉണ്ടായിട്ടുള്ളതായി ഗവേഷകര്‍ പറയുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളില്ലാത്തവരില്‍ ഇത് 25 ശതമാനമായിരുന്നു. കടുത്ത സ്‌കിസോഫ്രീനിയയുമായി ബന്ധപ്പെട്ട ജനിതക ഘടനയെ കുറിച്ച് പൂര്‍ണ ധാരണയുണ്ടാക്കാന്‍ സഹായിക്കുന്നതായിരുന്നു ഗവേഷണം.
*ശുഭദിനം*
അവര്‍ രണ്ടുപേരും കളിപ്പാട്ടകച്ചവടക്കാരായിരുന്നു. ഒരാള്‍ സൂത്രശാലിയും മറ്റേയാള്‍ സത്യസന്ധനുമായിരുന്നു. അന്ന് അവര്‍ അടുത്തഗ്രാമത്തില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കാന്‍ യാത്രയായി. ആ ഗ്രാമീണരില്‍ പലരും വളരെ ദരിദ്രരായിരുന്നു. ഒന്നാമന്‍ കച്ചവടത്തിനായി ഒരു വീട്ടില്‍ കയറി. അവിടെ വയസ്സായ ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് തന്റെ പേരക്കുട്ടിക്ക് വേണ്ടി ഒരു കളിപ്പാട്ടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അവര്‍ വീട്ടിലുണ്ടായിരുന്ന ഒരു പാത്രം എടുത്ത് കൊണ്ട് വന്നിട്ട് ഇതിനു പകരമായി ഒരു കളിപ്പാട്ടം തരുമോ എന്ന് ചോദിച്ചു. അയാള്‍ കരിപുരണ്ട ആ പാത്രം ഉരച്ച് നോക്കിയപ്പോള്‍ പിച്ചളയാണെന്ന് മനസ്സിലാക്കി. ആ പാത്രത്തിന് നല്ല വില ലഭിക്കുമെന്ന് മനസ്സിലായെങ്കിലും അയാള്‍ അവരോട് ഇങ്ങനെ പറഞ്ഞു: ഇതിനൊന്നും വലിയ വില കിട്ടില്ല. എങ്കിലും ഞാനൊരു പാവ തരാം. അവര്‍ക്ക് സന്തോഷമായി. അയാള്‍ ഈ പാത്രത്തിന്റെ കഥ രണ്ടാമനോട് പറഞ്ഞു. രണ്ടാമന്‍ ഒന്നാമനേയും കൂട്ടി ആ വൃദ്ധയുടെ വീട്ടിലെത്തി. പാത്രത്തിന്റെ മൂല്യം അവരെ പറഞ്ഞ് മനസ്സിലാക്കിക്കുകയും ഒന്നാമനെക്കൊണ്ട് ആ പാത്രത്തിന്റെ മൂല്യത്തിനൊത്ത കളിപ്പാട്ടങ്ങള്‍ നല്‍കുകയും ചെയ്തു. ബലഹീനതകള്‍ മുതലെടുക്കുന്നവരാണ് ഏറ്റവും വലിയ കുറ്റവാളികള്‍. ബുദ്ധിശക്തിയില്‍ തുല്യനിലവാരം പുലര്‍ത്തുന്നവരോട് എതിരിട്ട് അവരെ കീഴ്‌പ്പെടുത്തുക എന്നതില്‍ അന്തസ്സും അഭിമാനവുമുണ്ട്. നിസ്സഹായരുടെ ദയനീയതയ്ക്ക് വിലയിടുന്നവരെ നമ്മള്‍ എന്ത് ഏകകം കൊണ്ടാണ് അളക്കുക.. ഒരാളെ പറ്റിക്കാനും അവരുടെ ആത്മാഭിമാനം തകര്‍ക്കാനും എളുപ്പമാണ്. എന്നാല്‍ ഒരാളുടെ വിശ്വസ്തനായിമാറാനും അയാളെ കരുതലോടെ ചേര്‍ത്തുനിര്‍ത്താനുമാണ് ബുദ്ധിമുട്ട്. വിശാലഹൃദയമുള്ള ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ ഒരാളാകാന്‍ സാധിക്കുകയുള്ളൂ. നമുക്ക് ചുററുമുള്ള ഒരാളെയെങ്കിലും കരുതലോടെ ചേര്‍ത്ത് പിടിക്കാനും ആവശ്യമറിഞ്ഞ് കൂടെനില്‍ക്കാനുമുള്ള മാനസികവിശാലത നമുക്കും നേടാനാകട്ടെ