ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നു. ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍ സംഘടനയിലുണ്ടെന്നാണ് അവകാശവാദം. പ്രതിഫലം ആഗ്രഹിച്ചല്ല, ചാവേറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും രക്തസാക്ഷിത്വമാണ് ആഗ്രഹിക്കുന്നതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.തന്റെ പക്കലുള്ള ചാവേറുകളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയാല്‍ ലോകമാധ്യമങ്ങളില്‍ അത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് അസ്ഹര്‍ പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ഇത് ഒന്നോ രണ്ടോ നൂറോ അല്ല, ആയിരം പോലുമല്ല. പൂര്‍ണ്ണമായ എണ്ണം ഞാന്‍ പറഞ്ഞാല്‍ നാളെ ലോകമാധ്യമങ്ങളില്‍ വലിയ ബഹളമായിരിക്കുമെന്നും പറയുന്നുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനിലെ ജെയ്ഷെ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അസ്ഹറിന്റെ അടുത്ത ബന്ധുക്കളില്‍ പലരും കൊല്ലപ്പെട്ടിരുന്നു. അത് കഴിഞ്ഞുള്ള അസറിന്റെ പ്രധാന ഭീഷണി സന്ദേശമാണിത്.
അതിനിടെ, പാക് സൈന്യവുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരിലൊരാളായ സെയ്ഫുള്ള കസുരിയും രംഗത്തെത്തി. രണ്ടു പേരുടെ സന്ദേശങ്ങളും ഐഎസ്‌ഐ അനുകൂല അക്കൗണ്ടുകള്‍ വഴി ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം സന്ദേശങ്ങള്‍ എന്നാണ് സൂചന.







