Headlines

രാഹുൽ മാങ്കൂട്ടത്തിലിനെ ജയിൽ മാറ്റും; മാവേലിക്കര ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര ജയിലിൽ നിന്ന് മാറ്റും. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് ആകും മാറ്റുക. ജയിൽ ഡിഐജിയുടെ ഓർഡർ വരുന്ന മുറയ്ക്ക് ജയിൽ മാറ്റും. ജയിൽ മാറണമെന്ന് രാഹുലും ആവശ്യപ്പെട്ടതായി സൂചന. മാവേലിക്കര ജയിലിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൂടാതെ മതിയായ ജീവനക്കാരും ജയിലിൽ ഇല്ല. ഈ പശ്ചാത്തലത്തിൽ രാഹുലിനെ ജയിൽ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തത്. പഴുതടച്ച പൊലീസ് നീക്കത്തിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെ 26/2026 നമ്പർ റിമാൻഡ് തടവുകാരനാണ്. അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഉച്ചയോടെ ജില്ലാ മജിസ്ട്രേറ്റിന്റെ വസതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. പതിനാല് ദിവസത്തേയ്ക്ക് കോടതി രാഹുലിനെ റിമാൻഡ് ചെയ്തു. കോടതി വളപ്പിലും പിന്നീട് ജയിലിലേക്ക് എത്തിക്കുമ്പോഴും രാഹുലിന് നേരെ പ്രതിഷേധങ്ങളുയർന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രക്തസാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചു.