കേരളത്തിൽ യുവാക്കൾ പലതരത്തിലുള്ള ജോലി സാധ്യതകൾ വികസിപ്പിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു രൂപപോലും മുതൽ മുടക്കില്ലാത്തൊരു തൊഴിൽ മേഖല വികസിപ്പിച്ച വാർത്തകളാണ് കണ്ണൂരിൽ നിന്നും വരുന്നത്. ജയിൽ പുള്ളികൾക്കാവശ്യമായ ചില സാധനങ്ങൾ മതിലിന് പുറത്തുനിന്നും എറിഞ്ഞ് കൊടുക്കുകയെന്നതാണ് പുതിയ തൊഴിൽ. കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുന്ന തടവുകാരുടെ ബന്ധുക്കളും അവരുടെ സ്വന്തക്കാരും മറ്റും ഏൽപ്പിക്കുന്ന വസ്തുക്കളാണ് ഇങ്ങനെ പണം കൈപ്പറ്റി ഉള്ളിലെത്തിക്കുന്നത്. ഈ തൊഴിലിന് ഒരു ഏറിന് 1000 രൂപയാണ് ലഭിക്കുന്ന വരുമാനം. ജയിലിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ പറ്റാത്ത എന്തും ഇത്തരം വിദഗ്ധർ ജയിലുനുള്ളിലേക്ക് എറിഞ്ഞുകൊടുക്കും.
കഴിഞ്ഞ ദിവസം മൊബൈൽ എറിഞ്ഞു കൊടുക്കുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശിയായ അക്ഷയ് ആണ് ഈ തൊഴിലിനെ കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത്. ദേശീയ പാതയോരത്താണ് കണ്ണൂർ സെൻട്രൽ ജയിൽ പ്രവർത്തിക്കുന്നത്. ഒരു സ്‌പോർട്‌സ്മാന്റെ കൗശലവും കൃത്യതയുമാണ് ആകെ കൈമുതലായി വേണ്ടത്. ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നതിനായി വൻ സംഘം തന്നെ പ്രവർത്തിക്കുന്നതായാണ് വെളിപ്പെടുത്തൽ.
കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളും ബീഡി, സിഗററ്റ് തുടങ്ങി പുകയില ഉൽപ്പന്നങ്ങളും എത്തിക്കുന്നതിന് പരിശീലനം ലഭിച്ച സംഘം പ്രവർത്തിക്കുന്നതായി നേരത്തെ പരാതികൾ ഉണ്ടായിരുന്നു. എന്നാൽ ഇത് കണ്ടെത്താൻ ജയിൽ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. തടവുപുള്ളികളുടെ നിയന്ത്രണത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലെന്നും, ജീവനക്കാരുടെ സഹായത്തോടെയാണ് മൊബൈൽ ഫോണും മറ്റും ജയിലിനുള്ളിൽ എത്തുന്നതെന്നും നേരത്തെ ആരോപണം ഉണ്ടായിരുന്നുവെങ്കിലും ഇതിൽ കർശന നടപടികൾ സ്വീകരിക്കാൻ ജയിൽ വകുപ്പും തയ്യാറാവാറില്ല. ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടത്തോടെയാണ് ജയിലിനുള്ളിലെ പരിശോധന കർശനമാക്കിയത്.
ജയിലിനുള്ളിൽ മൊബൈൽ പിടികൂടുന്നത് നിത്യസംഭവമായി മാറുകയാണ്. ഇത്രയേറെ കർശനമായ പരിശോധന നടക്കുന്ന ജയിലിൽ എങ്ങനെ ഇത്തരം വസ്തുക്കൾ എത്തുന്നുവെന്ന ചോദ്യത്തിന് ജയിൽ ഉദ്യോഗസ്ഥരും മൗനം പാലിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളായ നിരവധിപേരെ പാർപ്പിച്ചിരിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിരവധി വീഴ്ചകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ പേരിന് അന്വേഷണം നടത്തി കേസ് ഒതുക്കുകയാണ് സാധാരണ രീതി.
ജയിലിൽ ബീഡി, കഞ്ചാവ് തുടങ്ങിയവയുടെ വിൽപന നിർബാധം തുടരുന്നത് നേരത്തെ രേഖാമൂലം തടവുകാർ ജയിൽ അധികൃതകർക്ക് പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണം ചിലർ ചേർന്ന് അട്ടിമറിക്കുകയായിരുന്നു. ടി പി കൊലക്കേസ് അടക്കമുള്ള വിവാദ രാഷ്ട്രീയ കൊലപാതക കേസുകളിൽ പ്രതികളായവർ ഈ ജയിലിൽ ഉണ്ട്. രാഷ്ട്രീയ തടവുകാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചു പോരുന്നുവെന്നതാണ് കണ്ണൂർ സെൻട്രൽ ജയിലിനെതിരെ കുറേ കാലങ്ങളായി നിലനിൽക്കുന്ന പരാതി.