പ്രഭാത വാർത്തകൾ

 

🔳സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കില്ല. പാര്‍ലമെന്റിലെ ഇരു സഭകളുടെയും അജണ്ടയില്‍ ബില്‍ അവതരണം ഇന്നലെ വൈകിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അവതരിപ്പിക്കണമെന്ന് ഇന്ന് രാവിലെ തീരുമാനിക്കുകയാണെങ്കില്‍ അധിക അജണ്ടയായി ബില്ല് കൊണ്ടുവരാന്‍ സാധിക്കും. അതേസമയം ബില്ലില്‍ എന്ത് നിലപാട് എടുക്കണമെന്നതില്‍ കോണ്‍ഗ്രസ്സില്‍ ആശയഭിന്നത തുടരുകയാണ്. വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ നിലപാട്. ബില്ല് തള്ളിക്കളയുന്ന നിലപാടായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചത്.

🔳ലിംഗ സമത്വം ഉറപ്പാക്കാന്‍ പുരുഷന്മാരുടെ വിവാഹ പ്രായം 21-ല്‍ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളുടെ വിവാഹ പ്രായം 18-ല്‍ നിന്ന് 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് ലിംഗസമത്വം ഉറപ്പാക്കാന്‍ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്ന് വ്യക്തമാക്കി ബൃന്ദാ കാരാട്ട് രംഗത്തെത്തിയത്.

🔳രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എംപിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്ററികാര്യമന്ത്രി പ്രള്ഹാദ് ജോഷിയാണ് എംപിമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്. എംപിമാര്‍ ഉള്‍പ്പെട്ട അഞ്ചു പാര്‍ട്ടികളുടെയും നേതാക്കളെയും വിളിച്ചിട്ടുണ്ട്. എന്നാല്‍ എംപിമാര്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നേക്കും. എല്ലാ പ്രതിപക്ഷ കക്ഷികളെയും ചര്‍ച്ചയ്ക്കു വിളിക്കണം എന്നാണ് നിലപാടെന്ന് എളമരം കരീമും ബിനോയ് വിശ്വവും അറിയിച്ചു. പാര്‍ലമെന്റില്‍ ഇന്ന് രാവിലെ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷം അന്തിമ തീരുമാനം എടുക്കും.

🔳ജീവിതകാലത്തും മരണശേഷവും ഭരണഘടനാ ശില്‍പിയായ ഡോ. ബിആര്‍ അംബേദ്കറെ കോണ്‍ഗ്രസ് അധിക്ഷേപിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതേസമയം അംബേദ്കറുടെ സംഭാവനകള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമെന്നും അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമന്ത്രി ഇന്ത്യയെ നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

🔳ആലപ്പുഴ കൊലപാതകങ്ങളില്‍ കേരളസര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടും. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കുറ്റപ്പെടുത്തി.

🔳കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റി. ഇന്നലെ വൈകുന്നേരത്തോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൈമാറുമെന്നായിരുന്നു പൊലീസ് രഞ്ജിത്തിന്റെ ബന്ധുക്കളേയും ബിജെപി നേതാക്കളെയും അറിയിച്ചിരുന്നത്. ആര്‍ടിപിസിആര്‍ പരിശോധന ഫലം കിട്ടാന്‍ വൈകിയതോടെ ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും വൈകുകയായിരുന്നു. ഇന്നലെ രാത്രി പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടമടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കുമെന്നുമാണ് പൊലീസ് അറിയിച്ചത്. സംസ്‌കാരം വൈകിക്കാന്‍ പൊലീസ് ശ്രമിച്ചെന്നും ഇതിന് പിന്നില്‍ കള്ളക്കളിയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. മൃതദേഹത്തോടുള്ള അനാദരവാണ് ഇതെന്നും ബിജെപി പറയുന്നു.

🔳ആലപ്പുഴയിലെ ബിജെപി നേതാവും ഒബിസി മോര്‍ച്ച സെക്രട്ടറിയുമായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. രഞ്ജിത് ശ്രീനിവാസന്റെ വീട്ടിലേക്ക് അക്രമിസംഘം ബൈക്കുകളിലായി പോകുന്നതും തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് കിട്ടിയത്. ദൃശ്യങ്ങളില്‍ ആറ് ബൈക്കുകളിലായി 12 പേരുണ്ട്. കൃത്യമായി തിരിച്ചറിയാന്‍ പറ്റാത്ത വിധം ആസൂത്രണത്തോടെയാണ് അക്രമിസംഘം വന്നതും പോയതും.

🔳കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ബിജെപിക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ പോലും സാഹചര്യം ഇല്ലാത്ത അവസ്ഥയാണ്. ഈ നിലയ്ക്കാണ് കേരളത്തിലെ കാര്യങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുപോകുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

🔳രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍. പരാജയ സങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും ആഭ്യന്തരവകുപ്പുമെന്നും പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറിയെന്നും ഷാഫി ആരോപിക്കുന്നു.

🔳ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയില്‍ ബിജെപി, എസ്ഡിപിഐ നേതാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ കലക്ട്രേറ്റില്‍ വച്ചാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.

🔳ഗവര്‍ണര്‍ക്ക് അയച്ച കത്തിനെ വീണ്ടും ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമനം നടത്തിയത് പൂര്‍ണമായും ഗവര്‍ണറുടെ ഉത്തരവാദിത്തതിലാണെന്ന് ബിന്ദു വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. നിയമനകാര്യത്തില്‍ ഗവര്‍ണര്‍ക്ക് കത്തയക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടും മന്ത്രി തള്ളുന്നു. നടന്നത് സ്വാഭാവികമായ ആശയവിനിമയമാണെന്ന് മന്ത്രി വിശദീകരിക്കുന്നു. സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണറും, പ്രോചാന്‍സലര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തല്‍ സ്വാഭാവികമാണെന്നും വാര്‍ത്താക്കുറിപ്പില്‍ മന്ത്രി പറഞ്ഞു.

🔳ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തിന് ഭക്തര്‍ക്ക് കൂടുതല്‍ ഇളവുകള്‍. രാവിലെ ഏഴ് മണി മുതല്‍ 12 മണി വരെ ഭക്തര്‍ക്ക് നേരിട്ട് നെയ്യഭിഷേകം നടത്താന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് അറിയിച്ചു. സന്ദര്‍ശനം നടത്തുന്ന പ്രതിദിന ഭക്തരുടെ എണ്ണം 60,000 ആയി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തീര്‍ത്ഥാടകര്‍ക്കായി കാനനപാത വഴിയുള്ള യാത്ര അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

🔳താരസംഘടനയായ അമ്മയ്ക്കു പുതിയ ഭാരവാഹികള്‍. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോനും മണിയന്‍ പിള്ള രാജുവും വിജയിച്ചു. അതേസമയം ആശാ ശരത് പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച ലാലും വിജയ് ബാബുവും വിജയം കണ്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു. ട്രഷറര്‍ സിദ്ദിഖും ജോയിന്റ് സെക്രട്ടറി ജയസൂര്യയുമാണ്.

🔳കാര്‍ മരത്തിലിടിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30ന് ഹൈദരാബാദിലാണ് ദാരുണ സംഭവം. മരത്തിലിടിച്ച കാര്‍ രണ്ട് കഷണങ്ങളായി മുറിഞ്ഞു. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമായിരുന്നു അപകടം.

🔳പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം. ഇരുപത്തിനാല് മണിക്കൂറിനിടെയാണ് രണ്ടാമത്തെ സംഭവം നടന്നത്. സംഭവങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തെ അപലപിച്ച ആര്‍എസ്എസ് ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകള്‍ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതിന് പിന്നാലെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഞെട്ടിപ്പിക്കുന്ന അടുത്ത സംഭവം. കപൂര്‍ത്തലയിലെ ഗുരുദ്വാരയിലും മതനിന്ദയാരോപിച്ച് ഇരുപതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ ആക്രമിച്ചത് കൊലപ്പെടുത്തിയത്.

🔳ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുവെന്ന് ആരോപിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ചോര്‍ത്തിയ ഫോണ്‍ സംഭാഷണം എല്ലാ ദിവസവും വൈകുന്നേരം യോഗി ആദിത്യനാഥ് കേള്‍ക്കുന്നുണ്ടെന്നും അഖിലേഷ് യാദവ് ആരോപിക്കുന്നു.

🔳ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായി കൊടുങ്കാറ്റില്‍ മരണസംഖ്യ നൂറു കവിഞ്ഞു. മൂന്നുലക്ഷം പേരെ പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. വൈദ്യുതിയും വിവിധ ആശയവിനിമയ മാര്‍ഗങ്ങളും വിച്ഛേദിക്കപ്പെട്ട സ്ഥിതിയിലാണ്. ബൊഹോയില്‍ മാത്രം 49 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10 പേരെ കാണാതാകുകയും ചെയ്തു.

🔳രോഹിണി കോടതിയില്‍ സ്ഫോടനം നടത്തിയ കേസില്‍ അറസ്റ്റിലായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കട്ടാരിയാ ആത്മഹത്യക്ക് ശ്രമിച്ചു. ഹാന്‍ഡ് വാഷ് കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിക്കുന്നത്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മഞ്ഞപ്പടയുടെ ജയം. സഹല്‍ അബ്ദു സമദ്, അല്‍വാരോ വാസ്‌ക്വെസ്, ജോര്‍ജെ പെരേര ഡയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയതത്. മുംബൈയുടെ മൗര്‍ത്താദ ഫാള്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് അവര്‍ക്ക വിനയായി. ജയത്തോടെ ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്്‌സ് അഞ്ചാമതായി. ഏഴ് മത്സരങ്ങളില്‍ 15 പോയിന്റുള്ള മുംബൈ ഒന്നാമത് തുടരുന്നു. അവരുടെ രണ്ടാമത്തെ തോല്‍വിയാണിത്.

🔳ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ഫൈനലില്‍ സിംഗപ്പുരിന്റെ ലോ കെന്‍ യൂവിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ആദ്യ രണ്ടു ഗെയിമുകളിലും ലീഡ് ചെയ്ത ശേഷമാണ് ശ്രീകാന്ത് മത്സരം കൈവിട്ടത്. തോറ്റെങ്കിലും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം ശ്രീകാന്ത് സ്വന്തമാക്കി.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചെസ്റ്റര്‍ സിറ്റി. ന്യൂകാസിലിനെ അവരുടെ മൈതാനത്ത് മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ സ്വന്തം മൈതാനത്ത് ചെല്‍സിയെ സമനിലയില്‍ തളച്ച് വോള്‍വ്‌സ്. മത്സരത്തില്‍ 64 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും ഗോള്‍ നേടാന്‍ ചെല്‍സിക്കായില്ല.

🔳കേരളത്തില്‍ ഇന്നലെ 49,065 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,503 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2827 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 140 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4160 പേര്‍ രോഗമുക്തി നേടി. ഇതോടെ 30,639 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട 147, മലപ്പുറം 131, ആലപ്പുഴ 119, പാലക്കാട് 76, കാസര്‍ഗോഡ് 69, വയനാട് 68.

🔳ആഗോളതലത്തില്‍ ഇന്നലെ 4,31,895 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 41,675 പേര്‍ക്കും ഇംഗ്ലണ്ടില്‍ 82,886 പേര്‍ക്കും റഷ്യയില്‍ 27,967 പേര്‍ക്കും ഫ്രാന്‍സില്‍ 48,473 പേര്‍ക്കും ജര്‍മനിയില്‍ 24,190 പേര്‍ക്കും ഇറ്റലിയില്‍ 24,259 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.49 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.29 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 3,514 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 89 പേരും റഷ്യയില്‍ 1,023 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.69 ലക്ഷമായി.

🔳കൊവിഡ് കാലത്ത് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ഇ-കൊമേഴ്സ് സ്ഥാപനങ്ങളാണ്. ഓണ്‍ലൈനിലൂടെ ഇറച്ചിയും മീനും ഉള്‍പ്പടെയുള്ളവ വില്‍ക്കുന്ന കമ്പനികള്‍ ജനപ്രിയമായതും ഇക്കാലത്താണ്. ഈ വിഭാഗത്തില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രണ്ട് സംരംഭങ്ങളാണ് ഫ്രഷ് ടു ഹോമും, ലിഷ്യസും. ഇതില്‍ ലിഷ്യസ് ഈ മേഖലയില്‍ നിന്നുള്ള രാജ്യത്തെ ആദ്യ യുണീകോണായി മാറിയിരുന്നു. ഇപ്പോള്‍ അതേ പാതയില്‍ തന്നെയാണ് മലയാളി സ്റ്റാര്‍ട്ടപ്പ് ആയ ഫ്രഷ് ടു ഹോമും. ഫ്രഷ് ടു ഹോമിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായതെന്ന് എന്‍ട്രാക്കര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2020-21 സാമ്പത്തിക വര്‍ഷം 8.96 മില്യണ്‍ ഡോളറായിരുന്നു ഫ്രഷ് ടു ഹോമിന്റെ വരുമാനം. മുന്‍വര്‍ഷം ഇത് 3.04 ഡോളറായിരുന്നു.

🔳മറ്റു ബാങ്കുകള്‍ ഈടാക്കുന്ന പല സര്‍വീസ് ചാര്‍ജുകളും വാങ്ങാതെ ഉപഭോക്താക്കളെ ആകര്‍ഷിച്ച ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് (ഐപിപിബി), പുതുവര്‍ഷം മുതല്‍ പുതിയ സര്‍വീസ് ചാര്‍ജുകള്‍ പ്രഖ്യാപിച്ചു. നിശ്ചിത പരിധി കഴിഞ്ഞാല്‍ ഐപിപിബിയിലെ ഡെപ്പോസിറ്റിനും പിന്‍വലിക്കലിനും സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും. ബേസിക് സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് മാസത്തില്‍ നാലു പ്രാവശ്യം വരെ സൗജന്യമായി പണം പിന്‍വലിക്കാം. അതുകഴിഞ്ഞുള്ള പിന്‍വലിക്കലുകള്‍ക്ക് 0.50 ശതമാനം നിരക്ക് ഈടാക്കും. കുറഞ്ഞത് 25 രൂപയായിരിക്കും ഈടാക്കുക. അതേസമയം, ബേസിക് സേവിംഗ് അക്കൗണ്ടില്‍ പണം എത്രയും സൗജന്യമായി നിക്ഷേപിക്കാം.

🔳ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍. പുതിയ ചിത്രം ലാല്‍ജോസിലെ സുന്ദരിപ്പെണ്ണേ എന്ന പ്രണയഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്ത ചിത്രമാണ് ലാല്‍ ജോസ്. ജോ പോള്‍ രചിച്ച് ബിനേഷ് മണി സംഗീതം നല്‍കിയ ചിത്രത്തിലെ ‘സുന്ദരിപ്പെണ്ണേ… എന്ന് തുടങ്ങുന്ന ഐറ്റം സോങ്ങാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ചിത്രത്തിലെ നായകന്‍. പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ നായികയും.

🔳കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍ ആണ് നായിക. മനോജ് കെ യു, സീത, തമിഴ് എന്നിവര്‍ക്കൊപ്പം ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

🔳2018 മെയ് മാസത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം രണ്ടാം തലമുറ ഹോണ്ട അമേസ് രണ്ട് ലക്ഷം ഡെലിവറികള്‍ എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി റിപ്പോര്‍ട്ട്. 2013ലാണ് അമേസ് ആദ്യമായി രാജ്യത്ത് അവതരിപ്പിച്ചത്, അതിനുശേഷം, കാര്‍ മൊത്തം 4.6 ലക്ഷം ഉപഭോക്താക്കളെ വാഹനത്തിന് ലഭിച്ചു.
പെട്രോളിലും മാനുവല്‍ ട്രാന്‍സ്മിഷനിലും ഇ വേരിയന്റിന് 6.32 ലക്ഷം രൂപ മുതലാണ് ഹോണ്ട അമേസിന്റെ വില. ശ്രേണിയിലെ ടോപ്പിംഗ് വിഎക്സ സിവിടി ഡീസലിന് 11.15 ലക്ഷം രൂപയാണ് വില.

🔳ഒന്നും പൂര്‍ണ്ണമല്ലെങ്കിലും പൂര്‍ണ്ണത തേടിയുള്ള പ്രയാണമാണ് സര്‍ഗ്ഗജീവിതം. നീലിമ എന്ന കലാകാരിയെ അസ്വസ്ഥയാക്കുന്നത് തന്റെ ചിത്രങ്ങളിലെ എന്തോ ഒന്നിന്റെ കുറവാണ്. ആ ന്യൂനതയാകട്ടെ അവളുടെ ഉള്‍ക്കണ്ണുകള്‍ മാത്രം തിരിച്ചറിയുന്നതും. പൂര്‍ണ്ണത തേടുന്ന കലാകാരിയും അവളുടെ ഹൃദയവ്യഥകള്‍ തൊട്ടറിയുന്ന കൂട്ടുകാരനും രണ്ടു കാമുകരും തമ്മിലുള്ള ബന്ധത്തിന്റെ ഉള്‍പ്പിരിവുകളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്. ഈശാവാസ്യസൂക്തത്തിന്റെ പൊരുള്‍ വെളിവാക്കുന്ന നോവല്‍. ‘നീലിമ’. മോന്‍സി സ്‌കറിയ. മാതൃഭൂമി. വില 165 രൂപ.

🔳കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണുമായി ബന്ധപ്പെട്ട അണുബാധയ്ക്കും രോഗവ്യാപനത്തിനുമെതിരെ നിലവിലെ കോവിഡ് വാക്സീനുകള്‍ക്ക് കാര്യക്ഷമത കുറവാണെന്ന് ലോകാരോഗ്യ സംഘടന. പ്രാഥമിക തെളിവുകള്‍ നല്‍കുന്ന സൂചന ഇപ്രകാരമാണെന്ന് ഡബ്യുഎച്ച്ഒയുടെ പ്രതിവാര പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ വാക്സീനുകളോ മുന്‍ അണുബാധകളോ നല്‍കുന്ന പ്രതിരോധ സംരക്ഷണത്തെ ഏതളവ് വരെ ഒമിക്രോണിന് വെട്ടിച്ച് രക്ഷപ്പെടാന്‍ സാധിക്കുന്നുണ്ടെന്നറിയാന്‍ കൂടുതല്‍ ഡേറ്റ ആവശ്യമാണെന്ന് സംഘടന അറിയിച്ചു. ഇക്കാരണത്താല്‍ ഒമിക്രോണുമായി ബന്ധപ്പെട്ട അപകട സാധ്യത ഉയര്‍ന്നു തന്നെ നില്‍ക്കുന്നതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഇപ്പോഴും ലോകത്തെ പ്രബല കോവിഡ് വകഭേദം ഡെല്‍റ്റ തന്നെയാണ്. കഴിഞ്ഞ 60 ദിവസങ്ങളില്‍ അപ് ലോഡ് ചെയ്യപ്പെട്ട 8,80,000 ജനിതക സീക്വന്‍സുകളില്‍ 99.2 ശതമാനവും ഡെല്‍റ്റ വകഭേദമാണ്.