വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങി; സന്ദേശങ്ങള്‍ക്ക് മറുപടിയില്ല: ഭാര്യ ആത്മഹത്യ ചെയ്തു

 

ഹൈദരാബാദ്: വിവാഹ ശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവിന് അയച്ച സന്ദേശങ്ങളില്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. 24-കാരിയായ നവവധു ഖനേജ ഫാത്തിമയാണ് ഹൈദരാബാദിലെ ചന്ദന നഗറിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.

സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഫാത്തിമയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ഇയാള്‍ സൗദിയിലേക്ക് മടങ്ങി.

എന്നാല്‍ അതിന് ശേഷം ഇയാള്‍ ഭാര്യയുമായി ബന്ധപ്പെട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അയച്ച ഒരു സന്ദേശത്തിന് പോലും മറുപടി അയക്കാത്തതിനെ തുടര്‍ന്ന് ഫാത്തിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

ഭര്‍തൃമാതാവ് അടക്കമുള്ളവരുമായി ഫാത്തിമ തന്റെ സങ്കടം പങ്കുവച്ചിരുന്നു. എന്നാല്‍ വിഷമിക്കേണ്ടതില്ലെന്നും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഹമീദ് ബുദ്ധിമുട്ടുകയാണ് എന്നാണ് ഫാത്തിമയെ ബന്ധുക്കള്‍ അറിയിച്ചത്.

എന്നാല്‍ തുടര്‍ന്നും ഫാത്തിക ഹമീദിന് സന്ദേശങ്ങള്‍ അയക്കുകയും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലാകുകയും ചെയ്തു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് ചന്ദനഗര്‍ പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.