തിരുവല്ലൂര്‍: സ്ത്രീധന പീഡനത്തെതുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു.തമിഴ്നാട്ടിലെ തിരുവല്ലൂര്‍ സ്വദേശിയായ ജ്യോതിശ്രീയാണ് പീഡനം സഹിക്കാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്ന വിവരം വീഡിയോ സന്ദേശമായി ബന്ധുക്കള്‍ക്ക് അയച്ച ശേഷം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും, ഭര്‍തൃമാതാവും തന്നെ നിരന്തരം സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും, അതിനാല്‍ അവരാണ് മരണത്തിനുത്തരവാദികളെന്നും ജ്യോതിശ്രീ വീഡിയോയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് തിരുമുല്ലയ്വയ് സ്വദേശിയായ ബാലമുരുകന്‍ ജ്യോതിശ്രീയെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് ബാലമുരുകനും കുടുംബവും ആവശ്യപ്പെട്ട സ്ത്രീധനം ജ്യോതിയുടെ കുടുംബം നല്‍കിയിരുന്നു. അറുപത് പവനും, 25 ലക്ഷം രൂപയുമാണ് സ്ത്രീധനമായി നല്‍കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ വിവാഹത്തിന് ശേഷം ഇത് മതിയായില്ലെന്ന് പറഞ്ഞ് ഭര്‍ത്താവും കുടുംബവും പീഡനം ആരംഭിച്ചെന്നാണ് ജ്യോതിശ്രീ വീഡിയോയില്‍ പറയുന്നത്.
ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ എടുത്ത ഹൗസിംഗ് ലോണ്‍ അടച്ച് തീര്‍ക്കാന്‍ ജ്യോതിശ്രീയുടെ വീട്ടുകാര്‍ പണം നല്‍കണം എന്നായിരുന്നു ഭര്‍ത്താവിന്‍റെ പ്രധാന ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ജ്യോതിശ്രീയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം ജ്യോതിശ്രീയെ ഭര്‍ത്താവും, ഭര്‍തൃമാതാവും വീട്ടില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് ഇരുകുടുംബങ്ങളും ചര്‍ച്ച നടത്തി സന്ധി ചെയ്താണ് ജ്യോതി വീണ്ടും ഭര്‍ത്താവിന്‍റെ വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ജ്യോതിയെ വീട്ടിന് താഴത്തെ നിലയിലെ ഒരു റൂമിലാണ് ഭര്‍തൃവീട്ടുകാര്‍ പാര്‍പ്പിച്ചത്.
ഇവിടെത്തെ വൈദ്യുതി പോലും ഭര്‍തൃവീട്ടുകാര്‍ വിച്ഛേദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയ്ക്ക് ശേഷം ജ്യോതിയുടെ ആത്മഹത്യകുറിപ്പും, ഫോണിലെ വീഡിയോകളും ഭര്‍തൃവീട്ടുകാര്‍ നശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ ഒരു വീഡിയോ സന്ദേശം ജ്യോതി നേരത്തെ തന്നെ ബന്ധുക്കള്‍ക്ക് അയച്ചത് തെളിവായി. തിരുമുല്ലയ്വയ് പൊലീസ് ജ്യോതിയുടെ ഭര്‍ത്താവ് ബാലമുരുകന്‍, ഇയാളുടെ അമ്മ, സഹോദരന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കല്‍, സൈബര്‍ ക്രൈം വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസ്. ബാലമുരുകനെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.