‘പരിഗണിച്ചില്ലെങ്കിൽ ജില്ലയിൽ മാത്രമല്ല, സംസ്ഥാനത്താകെ ചലനമുണ്ടാകും’; മുന്നറിയിപ്പുമായി സുധാകരൻ അനുകൂലികൾ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സുധാകരന് സീറ്റില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാൻ സുധാകരൻ അനുകൂലികൾ. സുധാകരനൊപ്പം 15 സീറ്റുകളിലേക്ക് സ്വതന്ത്രരായി മത്സരിക്കാനാണ് അനുകൂലികളുടെ തീരുമാനം. സുധാകരന് പിന്തുണയുമായി നിലവിൽ മൂന്ന് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരാണ് രംഗത്തുവന്നത്. ഇന്ന് നടന്ന നേതൃയോഗം തങ്ങളെ അറിയിച്ചില്ലെന്നും സുധാകരനോടുള്ള അവഗണന തങ്ങളോടും കാണിച്ചെന്നുമാണ് പരാതി. കണ്ണൂരിൽ സുധാകരൻ തന്നെ മത്സരിക്കുമെന്നും അല്ലെങ്കിൽ സംസ്ഥാനത്താകെ ചലനമുണ്ടാകുമെന്നും മണ്ഡലം പ്രസിഡന്റുമാർ മുന്നറിയിപ്പ് നൽകി.

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. പുറത്തിറക്കുന്ന പട്ടികയിൽ കെ സുധാകരന്റെ പേര് ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. പട്ടിക പ്രഖ്യാപിക്കുന്നത് വരേയ്ക്കും സുധാകരൻ ഡൽഹിയിൽ തുടരുമോ എന്ന് വ്യക്തമല്ല. സുധാകരൻ ഇന്ന് തന്നെ ഡൽഹി വിടും എന്നും ഉടൻ മാധ്യമങ്ങളെ കാണും എന്നുമാണ് വിവരം.

അതേസമയം, കെ സുധാകരന് പിന്നാലെ അടൂർ പ്രകാശ് എംപിയും സ്ഥാനാർത്ഥിത്വത്തിനായുളള സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. കോന്നിയിൽ സ്ഥാനാർത്ഥിയായി തന്നെയും പരിഗണിക്കണമെന്ന് അടൂർ പ്രകാശ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അടൂർ പ്രകാശും സമ്മർദ്ദം ശക്തമാക്കുന്നത്.മത്സരിക്കാനില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെയാണ് അടൂർ പ്രകാശിന്റെ സമ്മർദ്ദ നീക്കം. സുധാകരന്റെ സ്ഥാനാർത്ഥിത്വ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് അടൂർ പ്രകാശ് താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. എന്നാൽ സുധാകരന് സീറ്റ് നൽകാൻ ഹൈക്കമാൻഡ് തയ്യാറായതിന് പിന്നാലെ അടൂർ പ്രകാശ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതോടെ കോന്നി നിയമസഭ സീറ്റിൽ അടൂർ പ്രകാശ് തന്നെ മത്സരിക്കുമോ എന്ന ആകാംഷ ഉടലെടുത്തിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് പാർട്ടി നേതൃത്വമാണ് ആവശ്യപ്പെട്ടതെന്നാണ് എഫ് ബി പോസ്റ്റിലുണ്ടായിരുന്നത്. പാർട്ടിയുടെ തീരുമാനത്തിന് ഒപ്പം നിൽക്കേണ്ടത് കടമയാണ്. കോന്നിയിൽ യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കും. പാർട്ടി നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.