ന്യൂഡൽഹി∙ ഡോ. ജോർജി ഏബ്രഹാം കൂടത്തുമുറിയിൽ രചിച്ച ‘ട്രൂത്ത് ആൻഡ് ഹീലിങ്: റിലീജിയൻ, സ്പിരിച്വാലിറ്റി ആൻഡ് ഫെയ്ത്ത് ഇൻ കിഡ്നി ഫെയ്‌ലിയർ’ എന്ന പുസ്തകം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ഉപരാഷ്ട്രപതിയുടെ പാർലമെന്റിലെ ഓഫിസിലായിരുന്നു ചടങ്ങ്.ഇന്ത്യ, ശ്രീലങ്ക, യുകെ, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തരായ വൃക്കരോഗ വിദഗ്ധർ എഴുതിയ 17 അധ്യായങ്ങൾ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ആകെ 22 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. 1991 മുതൽ ഡോക്ടറോടൊപ്പം പ്രവർത്തിച്ച നഴ്‌സിന്റെയും രോഗികളുടേയും സുഹൃത്തുക്കളുടേയും അനുഭവങ്ങൾ പുസ്തകത്തിലുണ്ട്.ഡോ. ജോർജി ഏബ്രഹാം 1980ൽ സിഎംസി വെല്ലൂരിൽ പ്രവർത്തനം ആരംഭിച്ചു. 46 വർഷമായി വൃക്കരോഗ വിദഗ്ധനായി പ്രവർത്തിക്കുന്നു. ഇന്ത്യൻ സൊസൈറ്റി ഓഫ് നെഫ്രോളജി പ്രസിഡന്റാണ്. വൃക്കരോഗ പരിചരണത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതി ഡോ. ജോർജി പുസ്തകത്തിൽ വിശദമായി വിലയിരുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഡോ.ജോർജി പറയുന്നു. 2025ൽ 20,000ത്തിലധികം വൃക്കമാറ്റ ശസ്ത്രക്രിയകൾ നടന്നു. വൃക്കരോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും രോഗം വഷളാകുന്നത് തടയുന്നതിനുമുള്ള നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡോ.ജോർജി നിർദേശിക്കുന്നു. ഇന്ത്യയിലെ വൃക്കരോഗത്തിന് പ്രധാന കാരണം പ്രമേഹമാണ്. രോഗം മുൻകൂട്ടി കണ്ടെത്താൻ രാജ്യത്തെ 2,62,000 പഞ്ചായത്തുകളിലൂടെ പരിശോധന ശക്തമാക്കണമെന്നും ഡോ.ജോർജി നിർദേശിക്കുന്നു.
ഡോ. ജോർജി ഏബ്രഹാം കൂടത്തുമുറിയിലിന്റെ പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു






