Headlines

സ്വർണവില വീണ്ടും ഇടിഞ്ഞു; ലാഭമെടുപ്പിൽ തട്ടി കൂടുതൽ താഴേക്ക്, കുറഞ്ഞ വില മുതലെടുത്ത് വാങ്ങാനും തിരക്ക്

സ്വർണവില ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ സമ്മാനിച്ച് വീണ്ടും ഇടിയുന്നു. കേരളത്തിൽ ഇന്നുരാവിലെ വില ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,015 രൂപയായി. 520 രൂപ താഴ്ന്ന് 1,12,120 രൂപയാണ് പവൻവില. രാജ്യാന്തരവില ഔൺസിന് 4450 ഡോളറിൽ നിന്ന് 4324 ഡോളറിലേക്ക് കുറഞ്ഞതാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്.

യുഎസിൽ റീട്ടെയ്ൽ പണപ്പെരുപ്പവും ഹോൾസെയിൽ പണപ്പെരുപ്പവും ആശ്വാസതലത്തിലേക്ക് കഴിഞ്ഞമാസം താഴ്ന്നിരുന്നു. എങ്കിലും, വെല്ലുവിളി വിട്ടുമാറിയിട്ടില്ലെന്നാണ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ വിലയിരുത്തൽ. അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യതകൾ ബാങ്ക് തള്ളുന്നുമില്ല. ഇതോടെ ഡോളറും ബോണ്ടും കരകയറിയതാണ് സ്വർണത്തിന് പ്രധാന തിരിച്ചടി. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിലെ ഉയർന്ന വില മുതലെടുത്തുള്ള ലാഭമെടുപ്പ് (പ്രോഫിറ്റ് ബുക്കിങ്) ശക്തമായതും വിലയെ താഴേക്ക് നയിച്ചു.അതേസമയം, സ്വർണവില ഇടിയുന്നത് അവസരമാക്കി വാങ്ങൽതാൽപ്പര്യം (ഡിപ്-ബയിങ്) വർധിക്കാനുള്ള സാധ്യതയാണ് വിപണി കാണുന്നത്. ആഭരണം, നിക്ഷേപം എന്നീ നിലകളിൽ ഡിപ്-ബയിങ്ങിന് സാധ്യത കാണുന്നു. കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്കും വലിയതോതിൽ സ്വർണം വാങ്ങിക്കൂട്ടിയേക്കാം. ഇത്തരം വാങ്ങലുകൾ സ്വർണവിലയുടെ കനത്ത ഇടിവിന് തടയിടും. മാത്രമല്ല, വില കൂടുകയും ചെയ്യാം. കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 50 രൂപ കുറഞ്ഞ് 11,520 രൂപയായിട്ടുണ്ട്. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 250 രൂപയായി.