Headlines

സ്വർണവില താഴ്ന്നിറങ്ങി; കുതിപ്പിന് തടസ്സംനിന്ന് ‘പുത്തൻ’ പ്രതിസന്ധി, ഓഗസ്റ്റ് 12 സ്വർണത്തിന് അതീവ ‘നിർണായകം’

 

സ്വർണവില പുതിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേരളത്തിലും താഴ്ന്നിറങ്ങി. ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 13,930 രൂപയായി. പവൻവില 280 രൂപ കുറഞ്ഞ് 1,11,440 രൂപ. തുടർച്ചയായി 4 ദിവസംകൊണ്ട് 6000 രൂപയിലധികം കുതിച്ചശേഷമാണ് സംസ്ഥാനത്ത് സ്വർണവില അൽപം താഴ്ന്നത്.രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും താഴ്ന്നിറക്കം. രാജ്യാന്തരവില 4700 ഡോളർ നിലവാരത്തിൽ നിന്ന് ഔൺസിന് 4300 ഡോളർ നിലവാരത്തിലേക്ക് നീങ്ങുകയാണ്. വില ഇപ്പോഴുള്ളത് 4324 ഡോളറിൽ‌. പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലുള്ള സംഘർഷം ഉടനെങ്ങും അവസാനിക്കില്ലെന്ന വിലയിരുത്തലുകളെ തുടർന്ന് ക്രൂഡോയിൽ വില വർധിക്കുകയാണ്. ഇത് ഡോളറിനും കരുത്തായി. മാത്രമല്ല, ഓഗസ്റ്റ് 12ന്, അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്കും പുറത്തുവരും. പണപ്പെരുപ്പം കൂടിയാൽ പലിശനിരക്ക് കൂട്ടാനുള്ള ആലോചിനയിലേക്ക് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കടക്കാം. പലിശ കൂടുന്നത് ഡോളറിന് കൂടുതൽ ശക്തിപ്പെടുത്തും. ഇത് സ്വർണത്തിന് തിരിച്ചടിയാകും. പണപ്പെരുപ്പക്കണക്ക് സംബന്ധിച്ച ഈ ആകാംക്ഷയുടെയും ആശങ്കയുടെയും പശ്ചാത്തലത്തിലാണ് ഇപ്പോൾ സ്വർണം താഴേക്ക് നീങ്ങുന്നത്.

 

എന്നാൽ‌, വില 4300 ഡോളറിനോട് അടുക്കുന്തോറും വാങ്ങൽതാൽപ്പര്യം (ബൈ ദ ഡിപ്പ് ട്രെൻഡ്) ഉണ്ടാകാനുള്ള സാധ്യത നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത്, കനത്ത വിലത്തകർച്ചയിലേക്ക് സ്വർണം പോകാനുള്ള സാധ്യത വിരളം. മറിച്ച് ബൈ ദ ഡിപ്പ് ട്രെൻഡ് ഇല്ലാതെവന്നാൽ വില 4090 ഡോളർ‌ വരെ കൂപ്പുകുത്താനുള്ള സാധ്യതയും ചിലർ കാണുന്നു. അങ്ങനെസംഭവിച്ചാൽ കേരളത്തിൽ പവൻവില വീണ്ടും 1.05 ലക്ഷം രൂപ നിലവാരത്തിലെത്താം.കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,445 രൂപയായിട്ടുണ്ട്. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 245 രൂപ. ഗ്രാമിന് 20 രൂപ താഴ്ന്ന് 8915 രൂപയാണ് 14 കാരറ്റ് സ്വർണത്തിന് വില. 9 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 5750 രൂപ.