Headlines

ധനരാജ് വധക്കേസ്: അന്വേഷണത്തിൽ അടിമുടി പിഴവ്, പ്രോസിക്യൂഷൻ കേസ് വാദിച്ചത് രാഷ്‌ട്രീയ വൈരാഗ്യത്തിൻ്റെ അടിസ്ഥാനത്തിൽ; വിമർശിച്ച് വിചാരണ കോടതി

കണ്ണൂർ: പയ്യന്നൂരിലെ സി വി ധനരാജ് വധക്കേസ് അന്വേഷണ സംഘത്തെ വിമർശിച്ച് വിചാരണ കോടതി. അന്വേഷണത്തിൽ അടിമുടി പിഴവ് എന്ന് വിധിയിൽ. പോലീസ് ഒന്നാം സാക്ഷിയുടെ മൊഴിക്ക് പിന്നാലെ മാത്രം പോയതിനാൽ പല പ്രധാന വിവരങ്ങളും വിട്ടുപോയി. യാന്ത്രികമായി മാത്രമാണ് പൊലീസ് കേസ് അന്വേഷിച്ചതെന്നും പരാമർശം. ചില വ്യക്തികളെ പ്രതികളാക്കാൻ നടന്ന ശ്രമം വിനയായെന്ന് കോടതി നിരീക്ഷിച്ചു. കേസിലെപൊലീസ് വീഴ്ച എണ്ണി പറഞ്ഞ വിധി പകർപ്പ് ട്വന്റിഫോറിന്.

ഗൂഢാലോചന കുറ്റം ഒഴിവായതിനും കാരണം സാക്ഷി മൊഴിയെന്ന് കോടതി. ഗൂഡാലോചന നടത്തുന്നത് കേട്ടെന്ന് മൊഴി നൽകിയത് ധനരാജിന്റെ അടുത്ത സുഹൃത്ത്. എന്നാൽ ഇയാൾ പറഞ്ഞ ഗൂഢാലോചന നടന്ന സമയത്തിൽ പിശകുണ്ട്. കൊലപാതകത്തിന് രണ്ട് മാസം മുന്നേ ഗൂഢാലോചന നടന്നെന്നാണ് പ്രോസിക്യൂഷൻ വാദം. രണ്ട് മാസം മുന്നേ അറിഞ്ഞ കാര്യം ഉറ്റ സുഹൃത്ത് ധനരാജിനെയോ പോലീസിനെയോ അറിയിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

മൊഴി രേഖപ്പെടുത്തുന്നതിൽ അസാധാരണ കാലതാമസമുണ്ടായെന്ന് കോടതി കുറ്റപ്പെടുത്തി. പ്രതികൾ തമ്മിൽ കൊലപാതകം നടത്താനുള്ള ധാരണയോ ഒത്തുതീർപ്പോ തെളിയിക്കാൻ കഴിഞ്ഞില്ല. ഒരേ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവർ ഒരുമിച്ച് കൂടുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മൊഴികളിൽ കൊലപാതകം നടത്താനുള്ള വ്യക്തമായ ഉദ്ദേശ്യമോ ധാരണയോ തെളിയുന്നില്ല. നിയമപരമായ തെളിവുകൾക്ക് പകരം രാഷ്‌ട്രീയ വൈരാഗ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചതെന്ന് വിചാരണ കോടതി വിമർശിച്ചു. സാക്ഷിമൊഴികൾ മാത്രം അടിസ്ഥാനമാക്കി ഗൂഢാലോചന തെളിയിക്കുന്നത് അപകടകരമാണെന്നും കോടതി വിലയിരുത്തി.

2016 ജൂലൈ 11 രാത്രിയാണ് പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകനായ സിവി ധനരാജ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ വഴിയരികിൽ മറഞ്ഞിരുന്നവർ ആക്രമിച്ചു. വെട്ടേറ്റയുടൻ ഓടിയെങ്കിലും ധനരാജിനെ അക്രമികൾ വിട്ടില്ല. വീടിൻറെ പിന്നാമ്പുറത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും മുന്നിൽ വച്ച് അരുംകൊല. ആർഎസ്എസ് ബിജെപി പ്രവർക്കരായ 20 പേരെയാണ് പ്രതി ചേർത്തത്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കുള്ള ഒന്നാം പ്രതി ടി പി ബിജു, രണ്ടാം പ്രതി എം വിപിൻ, മൂന്നാം പ്രതി എം വൈശാഖ് എന്നിവരെ മാത്രമാണ് കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയത്.