Headlines

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനേയും ടി വി രാജേഷിനേയും വെറുതെ വിട്ടു

കൊച്ചി: എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിട്ടു. സംസ്ഥാനരാഷ്ട്രീയത്തെ ഇളക്കിമറിച്ച കേസില്‍ എറണാകുളം സിബിഐ കോടതിയുടേതാണ് വിധി. സിപിഐഎം നേതാക്കളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും ഉള്‍പ്പെടെ പതിനെട്ട് പേരെയാണ് കുറ്റവിമുക്തരാക്കിയത്. ഒന്നാംപ്രതി സുമേഷ് ഉള്‍പ്പെടെ പതിമൂന്ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിയ്ക്കും. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിംലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും പ്രതികരിച്ചു.

കേസില്‍ വെറുതെ വിട്ടവര്‍: 2-ാം പ്രതി: ഗണേശന്‍, 4-ാം പ്രതി: വിജേഷ്, 5-ാം പ്രതി: കെ. പ്രകാശന്‍, 6-ാം പ്രതി: ഉമേശന്‍, 8-ാം പ്രതി: ലതീഷ്, 11-ാം പ്രതി: സി.എന്‍. മോഹനന്‍, 13-ാം പ്രതി: നിതിന്‍, 17-ാം പ്രതി: സുധാകരന്‍, 18-ാം പ്രതി: നവീന്‍, 19-ാം പ്രതി: ശ്യാംജിത്ത്, 21-ാം പ്രതി: ഷാജി, 22-ാം പ്രതി: പ്രകാശന്‍ മുതുവാനി, 23-ാം പ്രതി: അജയകുമാര്‍ എന്‍.പി, 24-ാം പ്രതി: രാജീവന്‍ പി.എസ്, 29-ാം പ്രതി: ബാബു, 30-ാം പ്രതി: യു.വി. വേണു, 32-ാം പ്രതി: പി. ജയരാജന്‍, 33-ാം പ്രതി: ടി.വി. രാജേഷ്. അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ കോടതി വിധി പറഞ്ഞത്.

കേസില്‍ ഏഴ് പേര്‍ക്കെതിരെ കൊല്ലക്കുറ്റം നിലനില്‍ക്കും. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹരന്‍, പത്താം പ്രതി എം.വി. ദിനേശന്‍, പന്ത്രണ്ടാം പ്രതി ബിജുമോന്‍, പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം നിലനില്‍ക്കുക. അതിക്രമിച്ചു കടക്കല്‍, തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞവര്‍: 14ാം പ്രതി ഇ.പി. രാധാകൃഷ്ണന്‍, 25-ാം പ്രതി വി.വി. മോഹനന്‍, 26-ാം പ്രതി പുരുഷോത്തമന്‍, 27-ാം പ്രതി പി.കെ. അജിത് കുമാര്‍, 28-ാം പ്രതി പി.പി. സുരേശന്‍ – എന്നിവരാണ്. 16-ാം പ്രതി കെ.വി. സജിത്തിനെതിരെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റമാണുള്ളത്.

കണ്ണൂര്‍ പട്ടുവത്തും അരിയിലിലും സി.പി.എം – മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും അക്രമങ്ങളും നടന്നിരുന്നു. ഇതില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും കടകളും സന്ദര്‍ശിക്കാനായാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്യാശേരി എംഎല്‍എ ടിവി രാജേഷും ലീഗ് സ്വാധീന മേഖലയായ അരിയിലിലേക്ക് എത്തിയത്.

2022 ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12.15 സമയത്ത് അരിയിലില്‍ വച്ച് പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. ലീഗ് – എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വാഹനത്തിന് നേരെ ആക്രമണം നടന്നത്. കല്ലേറില്‍ പരിക്കേറ്റ ജയരാജനെയും രാജേഷിനെയും പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ അരിയില്‍ ഷുക്കൂര്‍ അടക്കമുള്ള ലീഗ് പ്രവര്‍ത്തകരെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിലെ വയലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞുവച്ചു. ഇവരുടെ ചിത്രം എസ്എംഎസ് വഴി അയച്ചുനല്‍കുകയും അവര്‍ തന്നെയാണ് ആക്രമണം നടത്തിയത് എന്ന് ഉറപ്പിച്ച ശേഷം ഷൂക്കൂര്‍, സക്കറിയ അയൂബ് എന്നിവരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരനായ അബ്ദുള്‍ ഷുക്കൂര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. 2012 മാര്‍ച്ച് 22ന് കേസില്‍ 18 പേരെ പ്രതികളാക്കി കേരള പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. വൈകാതെ പൊലീസ് അന്വേഷണം വിപുലീകരിക്കുകയും പ്രതികളുടെ എണ്ണം 34 ആയി ഉയര്‍ത്തുകയും ചെയ്തു.

2012 ഓഗസ്റ്റ് 1ന് പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. 2012 ഓഗസ്റ്റ് 7ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ടി.വി. രാജേഷ് കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങി. 2016 ഏപ്രില്‍ 4ന് സിബിഐ കേസ് ഏറ്റെടുക്കുകയും തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. 2019 ഫെബ്രുവരി 11ന് പി. ജയരാജനെ 32-ാം പ്രതിയായും ടി വി രാജേഷിനെ 33-ാം പ്രതിയായും ചേര്‍ത്ത് കൊലപാതക – ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

വാഹനം തടഞ്ഞുനിര്‍ത്തി സിപിഎം നേതാക്കളെ വധിക്കാന്‍ ശ്രമിച്ചു എന്ന് മറ്റൊരു കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഈ കേസിലെ പ്രതികളായിരുന്ന 12 മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും വെറുതെ വിട്ടു. 2025 മെയ് 5ന് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി പി. ശബരീനാഥ് മുമ്പാകെ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. ആകെ 33 പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്. തളിപ്പറമ്പിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ വി സുമേഷ്, ഗണേഷന്‍ പി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. സി എന്‍ മോഹനന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് എന്നിവരും കേസില്‍ പ്രതികളാണ്.