Headlines

അരിയില്‍ ഷുക്കൂര്‍ വധക്കേസ്:കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ, സാക്ഷികളെ കോടതിയില്‍ എത്തിച്ചത് വെല്ലുവിളികള്‍ മറികടന്ന്; കെ എം ഷാജി

കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ എം ഷാജി. സാക്ഷികളെ കോടതിയില്‍ എത്തിച്ചത് വെല്ലുവിളികള്‍ മറികടന്നെന്നും അദ്ദേഹം പറഞ്ഞു. അവസാനത്തെ സാക്ഷിയെയും കൊണ്ടുവരാനുള്ള തീവ്രയജ്ഞം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് പോലും ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. ചില സാക്ഷികള്‍ വന്നിട്ടില്ല. കാരണം, കണ്ണൂര്‍ ആണ്. സാക്ഷി പറയലാണ് കണ്ണൂരിലെ ഏറ്റവും വലിയ റിസ്‌ക്. സാക്ഷി പറയുന്ന ഘട്ടമാകുമ്പോള്‍ ആളുകള്‍ മിസ്സാകുന്നു എന്നത് കണ്ണൂരിലെ ഒരു പ്രശ്‌നമാണ്. ആ പ്രശ്‌നം ഇവിടെയുമുണ്ടായിട്ടുണ്ട്. വലിയ ഭീഷണി ഉണ്ടായിട്ടുണ്ട്. സാക്ഷികളുടെ വീടുകളിലും ചുറ്റുവട്ടങ്ങളിലും പോയി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ കുടുംബങ്ങളില്‍ ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. സിബിഐയുടെ മുന്നില്‍ കേസ് എത്തിക്കുന്നതില്‍ ആസിഫ ഉമ്മയുടെ, ഷുക്കൂറിന്റെ ഉമ്മയുടെ അതിതീവ്രമായ ശ്രമമുണ്ടായി. കണ്ണൂരില്‍ പാര്‍ട്ടി തന്നെ ഒറ്റക്കെട്ടായി നിന്ന് ഇതുവരെ കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയോടെയാണ് കേസിനെ കാണുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ ഗൂഢാലോചനയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ പി ജയരാജനും രാജേഷുമാണ്. അവരും അതില്‍ നൂറ് ശതമാനം ഗൂഢാലോചന ഉണ്ടെന്ന് ഉറപ്പുണ്ട്. വിധി വന്നതിന് ശേഷമേ എന്തെങ്കിലും പറയാന്‍ പറ്റൂ- അദ്ദേഹം പറഞ്ഞു.

വിദേശയാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അദ്ദേഹം പരിഹസിച്ചു. ആ സ്റ്റോറി ഉണ്ടാക്കിയവര്‍ തന്നെ മറുപടി കണ്ടെത്തിയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ തര്‍ക്കത്തെ കുറിച്ചും കെ എം ഷാജി പ്രതികരിച്ചു. ഞാന്‍ ആ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായിരുന്നു. തര്‍ക്കം ഉണ്ടാകുന്നു എന്നത് ഞങ്ങള്‍ക്ക് ഒരു പ്രയാസമില്ലാത്ത കാര്യമാണ്. തര്‍ക്കിക്കാന്‍ കപ്പാസിറ്റിയുള്ള ആളുകളാണ് നിയമസഭയില്‍ പോയിരിക്കുന്നത്. ആരെങ്കിലുമൊരാള്‍ പറഞ്ഞാല്‍ അത് മൂളിക്കേള്‍ക്കില്ല. ഞങ്ങളുടെ മുന്നില്‍ ഇരിക്കുന്നത് രാജാവും ഞങ്ങള്‍ കുറച്ച് പ്രജകളുമൊന്നുമല്ല. എനിക്ക് ചോദിക്കാനുള്ളത് സംഘടനയ്ക്ക് അകത്തും പുറത്തും ചോദിച്ചിട്ടുണ്ട്. 10 വര്‍ഷം കേരളം കണ്ട ഏറാന്‍മൂളികളായിട്ടുള്ള രാഷ്ട്രീയമല്ല ഇനിയുള്ളത്. ചോദിക്കേണ്ടത് ചോദിക്കും – അദ്ദേഹം പറഞ്ഞു.