Headlines

കലിപ്പിൽ യുഎസ്; ഇനിയും വേണോ വ്യാപാരക്കരാർ?; ഇന്ത്യൻ അനുനയം പാളി

ന്യൂഡൽഹി∙ പുതിയ തീരുവയുടെ പശ്ചാത്തലത്തിൽ യുഎസുമായുള്ള വ്യാപാരക്കരാറിന് ഇന്ത്യ കൈകൊടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കരാറിലെത്തിയാലും തുടർന്നും തീരുവഭീഷണിയുണ്ടാകില്ലെന്ന ഉറപ്പുമില്ല. അതുകൊണ്ട്, വ്യാപാരക്കരാർ ചർച്ചയിൽനിന്ന് ഇന്ത്യ പൂർണമായും പിന്മാറണമെന്നു വാദിക്കുന്ന വിദഗ്ധരുമുണ്ട്.

2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തുടങ്ങിയ വ്യാപാരചർച്ചയാണ് പല വിഷയങ്ങളിൽ തട്ടി നീളുന്നത്. പല മേഖലകളിലും ഇന്ത്യ വാരിക്കോരി ഇളവുകൾക്കു സമ്മതിച്ചിട്ടും യുഎസ് വിവിധരൂപത്തിൽ തീരുവഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയ 25% അധികതീരുവ, നിർബന്ധിത തൊഴിലിന്റെ പേരിലുള്ള 10% തീരുവ, പകരംതീരുവ യുഎസ് സുപ്രീം കോടതി എടുത്തുകളഞ്ഞപ്പോൾ ചുമത്തിയ 10% തീരുവ തുടങ്ങിയവ ഉദാഹരണങ്ങളാണ്. അതേസമയം, ഇന്ത്യയാകട്ടെ അമേരിക്കൻ ബർബൻ വിസ്കിയുടെ ഇറക്കുമതി സെസ് കുറയ്ക്കുന്നതു മുതൽ യുഎസ് കമ്പനികൾക്കു ഡിജിറ്റൽ നികുതി വരെ ഒഴിവാക്കി യുഎസിനെ അനുനയിപ്പിക്കാനാണു ശ്രമിച്ചത്. നിർബന്ധിത തൊഴിലിന്റെപേരിൽ തീരുവ ഭീഷണി വന്നതിനു തൊട്ടുപിന്നാലെ, നിർബന്ധിത തൊഴിലിലൂടെ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിക്കുകയും ചെയ്തു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട കരാർ ഇന്ത്യയ്ക്കു നൽകുമെന്ന് യുഎസ് ഉറപ്പുനൽകിയതായി വാണിജ്യമന്ത്രാലയം വൃത്തങ്ങൾ ഈയിടെ പറഞ്ഞിരുന്നു. ചർച്ചയുടെ തുടക്കം മുതൽ ഇന്ത്യയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ തീരുവയിനത്തിൽ നേട്ടം ലഭിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. ഇതുറപ്പാക്കാതെ യുഎസുമായി വ്യാപാരക്കരാർ അന്തിമമാക്കാൻ കഴിയില്ലെന്നാണ് പീയൂഷ് ഗോയൽ മുൻപ് പറഞ്ഞത്. യുഎസിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യങ്ങളെക്കാൾ തീരുവ കുറഞ്ഞില്ലെങ്കിൽ ഇന്ത്യയ്ക്കു പ്രത്യേക നേട്ടമൊന്നുമില്ല. ബംഗ്ലദേശ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളാണ് വ്യാപാരരംഗത്ത് ഇന്ത്യയുടെ പ്രധാന എതിരാളികൾ. എന്നാൽ, വ്യാപാരക്കരാറിൽ ഒപ്പിട്ടാൽ മാത്രം വെറും ഒന്നോ രണ്ടോ ശതമാനത്തിന്റെ മേൽക്കൈ ഈ രാജ്യങ്ങളെക്കാൾ ഇന്ത്യയ്ക്കു നൽകാമെന്നു മാത്രമാണ് ഇപ്പോൾ യുഎസിന്റെ വാഗ്ദാനം.നിലവിൽ സ്റ്റീൽ, അലുമിനിയം തുടങ്ങിയവയുടെ ഇറക്കുമതിക്ക് യുഎസ് 50% തീരുവ ചുമത്തുന്നുണ്ട്. പുതിയ തീരുവ ഇവ യ്ക്കു ബാധകമല്ല.

എന്തുകൊണ്ട് തീരുവ കൂട്ടി?

പല ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ അധിക ഉൽപാദനശേഷി യുഎസിന് തിരിച്ചടിയാകുന്നുവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാർച്ചിൽ യുഎസ് ഇന്ത്യയടക്കം 14 വ്യാപാരപങ്കാളികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. യുഎസ് വ്യാപാരനിയമത്തിലെ 301–ാം വകുപ്പ് പ്രകാരം ഒരു രാജ്യം അധാർമികമായ വ്യാപാരരീതികൾ പിന്തുടരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ തീരുവയോ ഇറക്കുമതി നിയന്ത്രണമോ ചുമത്താ‍ൻ വ്യവസ്ഥയുണ്ട്. ജൂലൈയിൽ നിർബന്ധിത തൊഴിലിന്റെ പേരിൽ സമാനമായ അന്വേഷണം നടത്തി ചുമത്തിയ 10 % തീരുവയാണ് നിലവിലുള്ളത്.

ആഭ്യന്തരവിപണിക്ക് ആവശ്യമുള്ളതിനെക്കാൾ വളരെക്കൂടുതൽ ഉൽപന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് യുഎസ് വിപണിയിലേക്ക് എത്തുന്നുവെന്നാണ് പുതിയ അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. ഇത് യുഎസ് വ്യവസായരംഗത്തിന് തിരിച്ചടിയാകുന്നു. ആഭ്യന്തര ഉൽപാദനം ലക്ഷ്യമിട്ടുള്ള മെയ്ക് ഇൻ ഇന്ത്യ, ഉൽപാദന ബന്ധിത ആനുകൂല്യം (പിഎൽഐ), ആത്മനിർഭർ ഭാരത്, തൊഴിൽ നയങ്ങൾ, ധനകാര്യ നയങ്ങൾ തുടങ്ങിയവയാണ് യുഎസ് ചോദ്യം ചെയ്യുന്നത്. സോളർ പാനൽ, സ്റ്റീൽ, ഫാർമ, ഇലക്ട്രോണിക്സ്/ഐടി മേഖലകളിലെ അധിക ഉൽപാദന ശേഷിയും യുഎസിനു പിടിച്ചിട്ടില്ല. ചൈനയി‍ൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഘടകങ്ങൾ വാങ്ങിയാണ് ഇന്ത്യ ഉൽപാദനം വിപുലീകരിക്കുന്നതെന്ന ആരോപണവും യുഎസ് ഉന്നയിക്കുന്നു.