Headlines

പ്രഹരശേഷി കൂട്ടി തീരുവ ബോംബിടാൻ ട്രംപ്; ഇന്ത്യയെ ‘വെറുതെ’ വിട്ടില്ലെങ്കിൽ കളി മാറും? സ്വർണം വീണു, ഇറാനിൽ ‘കെമിക്കൽ’ പോര്

ഇടക്കാല തിരഞ്ഞെടുപ്പിൽ അടപടലം തോറ്റെങ്കിലും ‘കലിപ്പടങ്ങാതെ’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ യുഎസിന്റെ 14 വലിയ വ്യാപാര പങ്കാളികൾക്കെതിരെ പ്രഹരശേഷി കൂട്ടിയുള്ള പുതിയ തീരുവ യുദ്ധത്തിന് ട്രംപിന്റെ പടയൊരുക്കം.

ഉൽപാദനം, യുഎസിലേക്കുള്ള കയറ്റുമതി എന്നിവയിൽ ചട്ടലംഘനം, തൊഴിൽ ചൂഷണം, അനധികൃത ലാഭം നേടൽ തുടങ്ങിയ ‘കുറ്റങ്ങൾ’ ആരോപിച്ച് ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ ട്രംപ് ഭരണകൂടം സെക്ഷൻ 301 പ്രകാരം അന്വേഷണം നടത്തിയിരുന്നു. യുഎസ് സർക്കാരിന്റെ ട്രേഡ് റപ്രസന്റേറ്റീവ് ജേമിസൺ ഗ്രീവ്സ് ഈയാഴ്ച തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും.

ട്രംപിന്റെ ‘വളഞ്ഞ ബുദ്ധി’യിൽ പുതിയ യുദ്ധം

ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ ട്രംപ് നേരത്തേ ചുമത്തിയ തീരുവകളെല്ലാം യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതു ട്രംപിന് കനത്ത അടിയുമായിരുന്നു. വളഞ്ഞവഴിക്ക് തീരുവകൾ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണം.

ഇതേ അന്വേഷണത്തിന്റെ ഭാഗമായി ട്രംപ് കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ പുതിയ തീരുവ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് 10% തീരുവയാണ് ചുമത്തിയത്. അതാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്. യുകെ, മെക്സിക്കോ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, മലേഷ്യ, ഇന്തൊനീഷ്യ, കംബോഡിയ, ശ്രീലങ്ക, ജോർദാൻ, അർജന്റീന, എൽ സാൽവദോർ‌, ഇക്വഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ട്രിനിഡാഡ് ആൻഡ് ടുബാഗോ എന്നിവയും 10% വിഭാഗത്തിലാണുള്ളത്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‍വാൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ 10 ശതമാനത്തിലും 12.5 ശതമാനത്തിലും ഉൾപ്പെടുന്നുണ്ട്.

ഇന്ത്യ തിരിച്ചടിക്കും? കരാർ വൈകും

സെക്ഷൻ 301 അന്വേഷണത്തോടുള്ള സഹകരണവും ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകളും പരിഗണിച്ചായിരുന്നു ഇന്ത്യയെയും 10% തീരുവ ലിസ്റ്റിൽ ട്രംപ് ഉൾപ്പെടുത്തിയത്. ഇപ്പോഴത്തെ പുത്തൻ തീരുവ നീക്കപ്രകാരം നിലവിലെ നിരക്കുകൾക്ക് മുകളിൽ അധികമായി 2.5-5% തീരുവ ഏർപ്പെടുത്തുമെന്നാണ് സൂചന.

എന്നാൽ, ഇത് ഇന്ത്യയും യുഎസും തമ്മിലെ ഭിന്നതയ്ക്കും വഴിവച്ചേക്കും. വ്യാപാരക്കരാർ ഒപ്പിടണമെങ്കിൽ സെക്ഷൻ 301 അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലായിരുന്നു ഇന്ത്യ. തീരുവ കയറ്റുമതി രംഗത്തെ എതിരാളികളേക്കാൾ കുറവുമായിരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടും തീരുവയും ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് എതിരായാൽ വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യ തയാറാവില്ല. ഇക്കാര്യം കേന്ദ്രമന്ത്രിമാർ തന്നെ നേരത്തേ സൂചിപ്പിച്ചിരുന്നു.

ഷീയെ കണ്ടിട്ടും ‘പക’ തീരാതെ ട്രംപ്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തിയതിനു പിന്നാലെയാണ് ട്രംപ് വീണ്ടും തീരുവ ബോംബ് പൊട്ടിക്കാൻ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. ചൈന, റഷ്യ, യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള യുഎസിന്റെ ഭിന്നത രൂക്ഷമാകാനും പുതിയ തീരുവയുദ്ധം ഇടയാക്കിയേക്കും. അതേസമയം യുഎസ് വൻതോതിൽ ഇറക്കുമതി ചെയ്യുന്നതും യുഎസിൽ ഉൽപാദനമില്ലാത്തതുമായ ഉൽപന്നങ്ങളെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കും. വളം, ഗ്യാസ്, ക്രൂഡോയിൽ, ഇലക്ട്രോണിക്സ് തുടങ്ങിയവ അതിലുൾപ്പെട്ടേക്കും.

വിപണികളിൽ ചുവപ്പുവയം; ‘ഹുവാങ്’ ആവേശം ചോർന്നു

എൻവിഡിയ സിഇഒയായി ജെൻസൻ ഹുവാങ് തിരിച്ചുവരുകയും ഓഹരികൾ ആവേശക്കുതിപ്പിലേറുകയും ചെയ്തെങ്കിലും രണ്ടാംദിവസം തന്നെ കഥമാറി. ‘ഹുവാങ് ആവേശം’ ഒരുദിവസമേ നീണ്ടുള്ളൂ. ഓഹരികൾ വീണ്ടും നഷ്ടത്തിലായി. യുഎസിൽ നാസ്ഡാക് 1.48%, ഡൗ ജോൺസ് 0.85%, എസ് ആൻഡ് പി500 സൂചിക 0.5% എന്നിങ്ങനെ ഇടിഞ്ഞു.

ഹുവാങ്ങിന്റെ തിരിച്ചുവരവിനു പിന്നാലെ കുതിച്ചുകയറിയ എൻവിഡിയ ഓഹരികൾ ഇന്നലെ 6% വരെ ഇടിഞ്ഞു.
∙ ആന്ത്രോപിക് ഓഹരിവില 6 ശതമാനത്തിലധികം നഷ്ടവുമായി ഐപിഒ വിലയേക്കാളും താഴെയെത്തി.
∙ മൈക്രോൺ ടെക്നോളജി, എഎംഡി, ബ്രോഡ്കോം, ആൽഫബെറ്റ്, ഓറക്കിൾ എന്നിവയും 4-11% ഇടിഞ്ഞു.
∙ നിക്ഷേപകരുടെ ലാഭമെടുപ്പ് ആവേശമാണ് ടെക് ഓഹരികളെ വീഴ്ത്തിയത്. ട്രംപിന്റെ പുതിയ തീരുവപ്പോരിനുള്ള നീക്കവും തിരിച്ചടിയായി.

സ്വർണവില വീണ്ടും ഇടിഞ്ഞു

യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിർപാർട്ടിയായ ഡെമോക്രാറ്റുകൾ നേടിയ വിജയം രാജ്യത്ത് ഉപഭോക്തൃ ആത്മവിശ്വാസം (കൺസ്യൂമർ കോൺഫിഡൻസ്) കുത്തനെ ഉയരാൻ വഴിവച്ചു. ഒക്ടോബറിലെ 92.2ൽ നിന്ന് 103.3ലേക്കാണ് നവംബറിൽ കോൺഫിഡൻസ് സൂചിക ഉയർന്നത്. ഇതുപക്ഷേ, ഡിസംബറിൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത വീണ്ടും ശക്തമാക്കി. പലിശയിൽ 0.25% വർധനയ്ക്ക് 95% സാധ്യതാണ് ഇപ്പോൾ വിപണി കാണുന്നത്.

പലിശനിരക്ക് കൂടുമെന്ന വിലയിരുത്തൽ സ്വർണത്തിനും െവള്ളിക്കും തിരിച്ചടിയായി. കഴിഞ്ഞദിവസം ഔൺസിന് 3600 ഡോളറിനു മുകളിലേക്ക് ഉയർന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 3554 ഡോളറിൽ. വെള്ളിവില 5.57% ഇടിഞ്ഞ് 40.9 ഡോളറിലുമെത്തി. കേരളത്തിൽ കഴിഞ്ഞ 2 ദിവസമായി കൂടുന്ന സ്വർണവില ഇന്ന് കുറയാനാണ് സാധ്യത.
ഇറാന് ‘കെമിക്കൽ’ ആയുധം? പുതിയ യുദ്ധത്തിന് ഇസ്രയേൽ

ഇറാൻ ‘കെമിക്കൽ’ ആയുധങ്ങൾ സജ്ജമാക്കുകയാണെന്ന് ആരോപിച്ച് പുതിയ യുദ്ധത്തിന് ഇസ്രയേലിന്റെ തയാറെടുപ്പ്. ഇസ്രയേലിന്റെ ‘കെയർടേക്കർ’ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് ആണ് ആരോപണം ഉയർത്തിയത്. ഇറാൻ ആണവ പദ്ധതി പുനരാരംഭിച്ചെന്നും പറഞ്ഞ കട്സ്, ഇതിനു തെളിവുകളുണ്ടെന്നും ഇറാനെതിരെ ഇസ്രയേൽ പുതിയ ആക്രമണം തുടങ്ങിയേക്കുമെന്നും സൂചിപ്പിച്ചു.