Headlines

വോൾസ്ട്രീറ്റിൽ ‘ചോരപ്പുഴ’, വമ്പൻമാർ കടപുഴകി, ഒക്ടോബറിലെ ചാംപ്യനായി ഇന്ത്യ; യുദ്ധഭീഷണി മുറുകുന്നു, സമാധാനത്തിന് മാരത്തോൺ ചർച്ച

രാജ്യാന്തര സാമ്പത്തിക മേഖലയെ മുൾമുനയിലാക്കി ഇറാൻ-യുഎസ് സംഘർഷഭീതി കനക്കുന്നതിനിടെ സമാധാനത്തിനായി മാരത്തോൺ ചർച്ചകൾ. ചൈന, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ ഫലിക്കുന്നുണ്ടെന്നും അടുത്തു തന്നെ യുഎസ്-ഇറാൻ സമാധാന കരാർ സാധ്യമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 7 ദിവസത്തിനുള്ളിൽ ഹോർമുസ് തുറക്കാനും ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതുമടക്കമുള്ള വ്യവസ്ഥകളോടെയാണിതെന്നും വിവരം. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചൈന ഇടപെടും. യുഎസ്-ഇറാൻ നേരിട്ടുള്ള സമാധാന ചർച്ച ദോഹയിൽ നടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ഇറാനിലെ യുദ്ധം എത്രയും വേഗം അവസാനിക്കുമെന്ന വാദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചു. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന ഉറപ്പോടെയാണ് യുദ്ധം അവസാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചകൾക്കായി ഖത്തർ പ്രതിനിധികൾ തെഹ്റാനിലെത്തിയെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ അടങ്ങിയ യുഎസിന്റെ കത്ത് കിട്ടിയെന്നും ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ വിജയത്തിലെത്തുമെന്നാണ് ആശങ്കയോടെയാണെങ്കിലും പ്രതീക്ഷിക്കുന്നതെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് അഹമ്മദ് ശരീഫ് ചൗധരിയും പറഞ്ഞു.

∙പേടിസ്വപ്നമായി ഹോർമുസ്
ഇറാൻ യുദ്ധം തുടങ്ങിയതിനു ശേഷം ഹോർമുസിൽ ഏറ്റവും കൂടുതൽ വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ട മാസം കൂടിയാണ് ഒക്ടോബർ. 35 കപ്പലുകളാണ് ഒരുമാസത്തിനിടെ ഇറാന്റെ ആക്രമണത്തിനു ഇരയായത്. മാർച്ചിൽ 30 കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അതിനിടെ 4 കപ്പലുകളെക്കൂടി ഹോർമുസിൽ ആക്രമിച്ചതായി ഐആർജിസി പറഞ്ഞു. അനധികൃതമായി ഹോർമുസിലൂടെ സഞ്ചരിച്ച കപ്പലാണ് ആക്രമിച്ചതെന്നാണ് ഇറാന്റെ വാദം.

∙എണ്ണവില 6 മാസത്തെ ഉയരത്തിൽ
അതേസമയം, പശ്ചിമേഷ്യയിൽ കൂടുതൽ ഏറ്റുമുട്ടലുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 6 മാസത്തെ ഉയരത്തിലെത്തി. നവംബർ 3നു നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം യുഎസും ഇസ്രയേലും ഇറാനെ ആക്രമിക്കുമെന്ന റിപ്പോർട്ടുകളാണ് തിരിച്ചടിയായത്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 2.4% ഉയർന്ന് 117.64 ഡോളറിലെത്തി. ഇടക്ക് 118 ഡോളറിലേക്കും എത്തിയിരുന്നു. യുഎസ് ഡബ്ല്യുടിഐ ക്രൂഡോയിൽ ബാരലിന് 2.1% മുന്നേറി 104.12 ഡോളറിലെത്തി. ഒക്ടോബറിൽ ബ്രെന്റ് ക്രൂഡോയിൽ 13.6 ശതമാനവും ഡബ്ല്യുടിഐ 15.2 ശതമാനവും ഉയർന്നു.
ഏഷ്യയിലെ ചാംപ്യൻ
∙രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ കൂട്ടത്തോടെ നഷ്ടത്തിലായിട്ടും ഒക്ടോബറിൽ ഇന്ത്യൻ വിപണിക്ക് മികച്ച നേട്ടം. ഐടി കമ്പനികളുടെ മികച്ച സാമ്പത്തിക ഫലങ്ങൾ നിഫ്റ്റി സൂചികയെ 1.9% നേട്ടത്തിലാക്കി. ഒക്ടോബറിൽ ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ സൂചികയെന്ന നേട്ടവും നിഫ്റ്റി സ്വന്തമാക്കി. എന്നാൽ 52 ആഴ്ചയിലെ ഉയരത്തിൽ നിന്ന് 12.6% ഇടിവിലാണ് നിഫ്റ്റി. 52 ആഴ്ചയിലെ താഴ്ചയിൽ നിന്ന് 3.9% മാത്രം നേട്ടത്തിലും.

∙നിഫ്റ്റി മിഡ്യക്യാപ്, സ്മോൾക്യാപ് സൂചികകൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സ്മോൾക്യാപ് ഒക്ടോബറിൽ 4.06% നഷ്ടത്തിലായി. മാർച്ചിനു ശേഷമുള്ള ഏറ്റവും മോശം പ്രകടനം. മിഡ്ക്യാപ് സൂചിക തുടർച്ചയായ രണ്ടാം മാസവും നഷ്ടം തുടർന്നു. സെപ്റ്റംബറിൽ 7.62 ശതമാനവും ഒക്ടോബറിൽ 3.42 ശതമാനവുമാണ് സൂചികയുടെ നഷ്ടം. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും കമ്പനികളുടെ വിപണി മൂല്യത്തെക്കുറിച്ചുള്ള ആശങ്കയുമാണ് സ്മോൾ, മിഡ്ക്യാപ് സൂചികകൾക്ക് തിരിച്ചടിയായത്.

∙സെൻസെക്സ് 6 മാസത്തെ ഉയരത്തിലെത്തി. ഒക്ടോബറിൽ ഉയർന്നത് 2.73%. നേട്ടം ഹെവിവെയ്റ്റ് ഓഹരികൾക്ക് മാത്രമായിരുന്നു. വിശാലവിപണി നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികൾ ഇടിഞ്ഞു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 3.1 ലക്ഷം കോടി ഇടിഞ്ഞ് 474.33 ലക്ഷം കോടി രൂപയിലെത്തി.

∙2023നു ശേഷം ആർബിഐ 0.25% പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചതും ക്രൂഡോയിൽ വില വീണ്ടും ബാരലിന് 117 ഡോളറിലെത്തിയതും ഇതേ മാസമാണെന്ന് ഓർക്കണം. ഇന്ത്യ കണ്ട ഏറ്റവും വലിയ ഐപിഒയ്ക്കു ശേഷം ജിയോ പ്ലാറ്റ്ഫോംസ് ലിസ്റ്റ് ചെയ്തതും വിപണിക്ക് കരുത്തായി. 27% നേട്ടത്തിലാണ് ജിയോ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഇതോടെ വിപണി മൂല്യത്തിൽ മൂന്നാമത്തെ കമ്പനിയാകാനും ജിയോക്ക് കഴിഞ്ഞു.

∙അടുത്ത മാസങ്ങളിൽ വിപണി കാര്യമായ നഷ്ടത്തിലേക്ക് പോകില്ലെന്നാണ് മുൻകാല കണക്കുകൾ പറയുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടിലെ കണക്ക് അനുസരിച്ച് നവംബറിൽ 2.5 ശതമാനമാണ് നിഫ്റ്റി നൽകിയ റിട്ടേൺ.

∙അവസാന വ്യാപാര ദിനമായ ഇന്നലെ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയാണ് അവസാനിച്ചത്. മുഖ്യഓഹരി സൂചികയായ സെൻസെക്സ് 0.42% നേട്ടത്തിൽ 74,459.53ലെത്തി. നിഫ്റ്റി 0.51% മുന്നേറി 23,053.10ലും ക്ലോസ് ചെയ്തു.

യുഎസിൽ ചോരപ്പുഴ
∙അമേരിക്കൻ ഓഹരി വിപണി കനത്ത നഷ്ടത്തിൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ടെക് ഓഹരികൾ നിക്ഷേപകർ കൂട്ടത്തോടെ കയ്യൊഴിഞ്ഞതാണ് തിരിച്ചടിക്ക് കാരണം. ടെക് ഓഹരികൾക്ക് പ്രാമുഖ്യമുള്ള നാസ്ഡാക് സൂചിക 2.86% ഇടിഞ്ഞു. ജൂണിനു ശേഷമുള്ള ഏറ്റവും മോശം ദിനമായിരുന്നു ഇന്നലെ. ഡോ സൂചിക 1.09 ശതമാനവും എസ് ആൻഡ്പി 1.82 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

∙ഒക്ടോബറിൽ നാസ്ഡാക് 5.3% ഇടിവു രേഖപ്പെടുത്തി. 2025 മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നഷ്ടം. എസ് ആൻ‍ഡ് പി 0.9 ശതമാനവും ഡോ സൂചിക 1.7 ശതമാനവും നഷ്ടത്തിലായി.

∙മാസാവസാനവും അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പും ഒരുമിച്ചെത്തിയതോടെ വിപണിയിൽ വിൽപന സമ്മർദം അതിരൂക്ഷമായി. മൂന്നാം പാദത്തിലെ വരുമാനം അനലിസ്റ്റുകൾ പ്രതീക്ഷിച്ചതിനേക്കാൾ കുറവായതോടെ ആമസോൺ ഓഹരികൾ ഒരു ശതമാനത്തോളം ഇടിഞ്ഞു. പേഴ്സണൽ കംപ്യൂട്ടറുകളുടെ വിൽപനയിൽ തിരിച്ചടിയുണ്ടാകുമെന്ന പ്രവചനം ഇന്റൽ ഓഹരികളെ ഇടിച്ചത് 29%. പ്രതീക്ഷിച്ച വരുമാനം ലഭിച്ചിട്ടും മെമ്മറി ചിപ്പുകളുടെ നിർമാതാക്കളായ സാൻഡിസ്ക് 13% ഇടിഞ്ഞു. മറ്റ് ചിപ്പ് നിർമാതാക്കളും കനത്ത നഷ്ടത്തിലായി. അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്, എൻവിഡിയ. ബ്രോഡ്കോം തുടങ്ങിയ കമ്പനികൾ കുത്തനെ ഇടിഞ്ഞു.
∙എന്നാൽ ടെക് ഓഹരികൾ ഇടിഞ്ഞെങ്കിലും കൺസ്യൂമർ, ഹെൽത്ത്കെയർ മേഖലകളിൽ മുന്നേറ്റമുണ്ടായെന്നും കണക്കുകൾ പറയുന്നു. വാൾമാർട്ട്, കോക്കകോള, മെർക്ക്, ആംഗെൻ തുടങ്ങിയ കമ്പനികളുടെ ഓഹരി വില ഉയർന്നു.

∙അതേസമയം, സാമ്പത്തിക മേഖലയിൽ റിസ്കുകൾ നിലനിൽക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വിപണി പതിയെ ഇതിനോടു പ്രതികരിക്കാൻ തുടങ്ങുകയാണ്. ഐപിഒയ്ക്കു ഒരുങ്ങുന്ന ആന്ത്രോപികിന് ഇൻവെസ്റ്റ്മെന്റ് ഗ്രേഡ് റേറ്റിങ് നൽകില്ലെന്ന് ബ്ലാക്ക്സ്റ്റോൺ നിക്ഷേപകരോടു പറഞ്ഞതും തിരിച്ചടിയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കമ്പനികളെ കഴിഞ്ഞ ദിവസം മുന്നോട്ടാക്കിയ നീക്കമായിരുന്നു ആന്ത്രോപിക്കിന്റെ ഐപിഒ പ്രഖ്യാപനം.